ബി. ഉണ്ണിക്കൃഷ്ണൻ ചിത്രത്തിൽ വീണ്ടും മോഹൻലാൽ

Thursday 20 November 2025 6:04 AM IST

നിവിൻ പോളി ചിത്രം നവംബർ 26 മുതൽ വീണ്ടും കൊച്ചിയിൽ

മോഹൻലാലും സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണനും വീണ്ടും ഒരുമിക്കുന്നു. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. ഇത് ആറാം തവണയാണ് മോഹൻലാലും ബി. ഉണ്ണിക്കൃഷ്ണനും ഒരുമിക്കുന്നത്. മാടമ്പി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ് മോഹൻലാലും ബി. ഉണ്ണിക്കൃഷ്ണനും ആദ്യമായി ഒരുമിക്കുന്നത്. ഗ്രാന്റ് മാസ്റ്റർ , വില്ലൻ, മിസ്റ്റർ ഫ്രോഡ്, ആറാട്ട് എന്നീ ചിത്രങ്ങൾക്കുവേണ്ടി തുടർന്ന് ഒരുമിച്ചു. അതേസമയം നിവിൻപോളിയെ

നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ മണാലി ഷെഡ്യൂൾ പൂർത്തിയായി. തുടർ ചിത്രീകരണം നവംബർ 26ന് കൊച്ചിയിൽ ആരംഭിക്കും . ദുബായിലും റഷ്യയിലും ചിത്രീകരണമുണ്ട്. ഇതാദ്യമായാണ് ബി. ഉണ്ണിക്കൃഷ്ണനും നിവിൻ പോളിയും ഒരുമിക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും ചിത്രീകരണം ഉണ്ടായിരുന്നു.

പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രംശ്രീഗോ കുലം മുവീസും ആർ.ഡി. ഇലുമിനേഷൻസ് എൽ.എൽ.പിയും ചേർന്നാണ് നിർമ്മിക്കുന്നത്. പുതുമുഖം നീതു കൃഷ്ണ ആണ് നായിക.

ബാലചന്ദ്രമേനോൻ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, ഹരിശ്രീ അശോകൻ, നിഷാന്ത് സാഗർ, ഷറഫുദ്ദീൻ, സായ്‌‌കുമാർ, മണിയൻപിള്ള രാജു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. സംഗീതം : ജസ്റ്റിൻ വർഗീസ്, എഡിറ്റർ: മനോജ് സി.എസ്, പ്രൊഡക്‌ഷൻ കൺട്രോളർ : അരോമ മോഹൻ .