കണ്ണിമലയിൽ 'കണ്ണിമ ചിമ്മാതെ' പൊലീസ്
മുണ്ടക്കയം : ശബരിമല തീർത്ഥാടനകാലത്ത് നിരന്തരം അപകടങ്ങൾ നടക്കുന്ന പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിലെ കണ്ണിമലയിലെ കൊടുംവളവിൽ സുരക്ഷാസംവിധാനമൊരുക്കി പൊലീസ്. കുത്തിറക്കവും കൊടുംവളവും നിറഞ്ഞ റോഡിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകടകാരണം. അന്യസംസ്ഥാന വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ഇത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊലീസ് കർശന സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയത്. കൊടുംവളവിന് മുന്നിൽ എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് അന്യസംസ്ഥാനങ്ങളിൽനിന്നു വരുന്ന വാഹനങ്ങളെ തടഞ്ഞുനിറുത്തി റോഡിന്റെ ഘടനയും ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞു മനസിലാക്കിയ ശേഷമാണ് കടത്തിവിടുന്നത്. നാല് പൊലീസ് ഉദ്യോഗസ്ഥരെയാണ് 24 മണിക്കൂർ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. കൂടാതെ സമീപപ്രദേശങ്ങളിൽ എവിടെയെങ്കിലും അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ ആംബുലൻസും ക്രമീകരിച്ചിട്ടുണ്ട്. ഒരു പരിധിവരെ അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.