അങ്കം മുറുകി, തർക്കവും
കോട്ടയം : പത്രികാ സമർപ്പണത്തിന് ഒരു ദിവസം മാത്രമുള്ളപ്പോഴും മുഴുവൻ സ്ഥാനാർത്ഥി ലിസ്റ്റുമാകാതെ മുന്നണികൾ. ഇടതുമുന്നണി ലിസ്റ്റ് പൂർണമായി പുറത്തുവിട്ടപ്പോൾ യു.ഡി.എഫും, എൻ.ഡി.എയും ജില്ലാ പഞ്ചായത്തിലടക്കം പല സീറ്റിലും തർക്കം തുടരുന്നതിനാൽ പൂർണ ലിസ്റ്റ് പുറത്തു വിട്ടിട്ടില്ല. ജില്ലാ പഞ്ചായത്ത് ചിത്രം വ്യക്തമായപ്പോൾ സി.പി.എമ്മും കോൺഗ്രസും ഇതര ഘടക കക്ഷി സീറ്റുകൾ പിടിച്ചെടുത്തു. 23ൽ 16 ഡിവിഷനിൽ കോൺഗ്രസാണ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നത്. സി.പി.എമ്മും കേരളാകോൺഗ്രസ് മാണിയും ഒമ്പതു സീറ്റുകളിൽ മത്സരിക്കുന്നു. സി.പി.എം - കോൺഗ്രസ് സ്ഥാനാർത്ഥികൾ നേരിട്ടു എട്ടു സീറ്റിലും കേരള കോൺഗ്രസ് മാണിയും ജോസഫും അഞ്ചുസീറ്റിലും നേർക്കുനേർ പോരാടുന്നു.
കാഞ്ഞിരപ്പള്ളിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തോമസ് കുന്നപ്പള്ളിയും (ജോസഫ് വിഭാഗം) ജോളി മടുക്കക്കുഴിയും (ജോസ് വിഭാഗം) ഭരണങ്ങാനത്ത് ലൈസമ്മ ജോർജ് പുളിങ്കാടും, പെണ്ണമ്മ ജോസഫും, കിടങ്ങൂരിൽ നിമ്മി ടിങ്കിൾ രാജും (ജോസ് വിഭാഗം) ഡോ. മേഴ്സി ജോൺ മൂലക്കാടും (ജോസഫ് വിഭാഗം) , കുറവിലങ്ങാട് മാണി വിഭാഗത്തിലെ പി.സി.കുര്യനും, ജോസഫ് വിഭാഗത്തിലെ ജോസ് മോൻ മുണ്ടയ്ക്കലുമായാണ് മത്സരം. പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കുമെന്നും 5 സീറ്റിലും ജയിക്കുമെന്നും ജോസഫ് വിഭാഗം നേതാക്കൾ അവകാശപ്പെടുമ്പോൾ പാർലമെന്റിലേക്കും, തദ്ദേശസ്ഥാപനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളെ ജനങ്ങൾ രണ്ടു രീതിയിലാണ് സമീപിക്കുന്നതെന്നും ഇക്കുറിയും വിജയംആവർത്തിക്കുമെന്നാണ് ജോസ് വിഭാഗത്തിന്റെ വാദം. ഇരു പാർട്ടികൾക്കും അഭിമാന പ്രശ്നമായതിനാൽ തീപാറും പോരാട്ടമായിരിക്കും.
''ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്ന് ഇടതു മുന്നണി പിടിച്ചെടുത്തതിന്റെ തനിയാവർത്തനമാകും ഇത്തവണയും. സർക്കാരിന്റെ വിവിധ ക്ഷേമ വികസന പദ്ധതികൾ വോട്ടായി മാറുമെന്നതിൽ സംശയമില്ല.
മന്ത്രി വി.എൻ.വാസവൻ
''ജില്ലാ പഞ്ചായത്തും ഭൂരിപക്ഷം ബ്ലോക്ക് നഗരസഭാ പഞ്ചായത്തുകളും ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുക്കും. സർക്കാർ വിരുദ്ധതയും ശബരിമല വിവാദവും വിലക്കയറ്റവും മലയോരമേഖലയിലെ വന്യമൃഗ പ്രശ്നവുമെല്ലാം യു.ഡി.എഫിനെ സഹായിക്കും
തിരുവഞ്ചൂർ രാധാകൃഷ്ണൻ