ദുരിതം മാറാതെ സഭവിള - പുതുവീട് റോഡ്
ചിറയിൻകീഴ്: മഴ പെയ്താൽ സഭവിള - പുതുവീട് റോഡ് കുളമാണ്. ഗുരുദേവന്റെ പാദസ്പർശം ഏറ്റ പുണ്യഭൂമിയാണ് സഭവിള ആശ്രമം. ആശ്രമത്തിലെത്തുന്നവരടക്കം നിരവധിപേർ കടന്നുപോകുന്ന റോഡാണിത്.
ഓടയില്ലാത്തതാണ് റോഡിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.റോഡുയർത്തി ടാർ ചെയ്താൽ വെള്ളം ഒഴുകിപ്പോകുമെന്നാണ് സമീപവാസികളുടെ അഭിപ്രായം.രണ്ട് ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇരുകൂട്ടരും ഇവിടെ വലിയ താത്പര്യം കാണിക്കാറില്ലെന്നാണ് പൊതുജനസംസാരം.
തൊഴിലുറപ്പ് പണികൾ പോലും യഥാക്രമം നടക്കാറില്ല.
ഇരുകൂട്ടരും പരസ്പരം പഴിചാരുന്നതിനാൽ വികസന പ്രവർത്തനങ്ങൾ നടക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഴ പെയ്താൽ മുട്ടോളമാണ് ഇവിടെ വെള്ളം.ഈ വെള്ളത്തിൽ ചവിട്ടി വേണം സ്കൂൾ കുട്ടികളടക്കം യാത്ര ചെയ്യാൻ.
നിരവധി വീട്ടുകാരും ഈ റോഡിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നുണ്ട്.
കക്കൂസ് മാലിന്യമടക്കമുള്ള വേസ്റ്റുകളും ഈ റോഡിൽ കൊണ്ട് തള്ളുന്നുണ്ട്. സാമൂഹ്യവിരുദ്ധർ വെള്ളക്കെട്ടുള്ള ഭാഗത്ത് മദ്യക്കുപ്പികൾ അടിച്ചുപൊട്ടിച്ചിടുന്നതുകാരണം, മഴക്കാലത്ത് വെള്ളക്കെട്ടിലൂടെ നടക്കുന്നവരുടെ കാല് മുറിയാറുണ്ട്.
വെള്ളക്കെട്ടിലെ കുഴിയിൽ ടൂവീലർ മറിഞ്ഞ് ഏതാനും നാളുകൾക്ക് മുൻപാണ് ആശ്രമത്തിലെ സ്റ്റാഫ് സുനിതയ്ക്ക് പരിക്കേറ്റത്.കെട്ടിക്കിടക്കുന്ന വെള്ളം വാർന്നുപോകാൻ ഒരാഴ്ചയിലധികം സമയമെടുക്കും.ഈ മലിന ജലത്തിലൂടെ നടക്കുന്നവർക്ക് ജലജന്യ രോഗങ്ങളും സാംക്രമിക രോഗങ്ങളും പടർന്നു പിടിക്കുമോ എന്ന ഭയപ്പാടിലാണ് നാട്ടുകാർ. വിശേഷ ദിവസങ്ങളിലടക്കം സഭവിള ആശ്രമത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. ഇത്രയും പ്രാധാന്യമുള്ള ഈ റോഡിന്റെ ശോച്യാവസ്ഥ ദ്രുതഗതിയിൽ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.