വിലക്കപ്പെട്ട വരികൾ
ഗാനങ്ങളും ഗീതങ്ങളും പോലും ഇടയ്ക്കിടെ കേരളത്തിൽ വിവാദ വിഷയമാവാറുണ്ട്. ഗാനവും ഗീതവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ വ്യാഖ്യാനവും വരിശകളും മറ്റും പരിശോധിക്കണമെന്നാണ് വൈദികമതം. അതല്ല ഇവിടെ ചർച്ച. വിവാദമുയർത്തിയ ചില ഗാനങ്ങൾക്ക് ഔദ്യോഗിക വാർത്താമാദ്ധ്യമങ്ങൾ ഇടയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇരയിമ്മൻ തമ്പിയുടെ 'പ്രാണനാഥൻ എനിക്കു നൽകിയ" എന്നു തുടങ്ങുന്ന മധുരമനോഹരമായ വരികൾ, 'ഏണിപ്പടികൾ" എന്ന സിനിമയ്ക്കുവേണ്ടി, ദേവരാജൻ മാസ്റ്റർ സംഗീതം നൽകി, മാധുരിയെക്കൊണ്ട് പാടിച്ചപ്പോൾ ആകാശവാണി അതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പ്രക്ഷേപണം ചെയ്യാൻ ഭയന്നിരുന്ന ഒരു ഗാനമാണ് വയലാർ രചിച്ച്, രാഘവൻ മാസ്റ്റർ ഈണം നൽകി, 'പുന്നപ്ര വയലാർ" എന്ന ചലച്ചിത്രത്തിൽ സുശീലാമ്മ പാടിയ 'എന്തിനാണീ കൈവിലങ്ങുകൾ..." ഇതര ഭാഷകളിലും ഇങ്ങനെ വിലക്കപ്പെട്ട ഗാനങ്ങളുണ്ട്. കഴിഞ്ഞയാഴ്ച വിവാദം സൃഷ്ടിച്ചത് 'പരമപവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ" എന്നാരംഭിക്കുന്ന ഒരു ഗാനമായിരുന്നു. അത് സിനിമാഗാനമല്ല. ആർ.എസ്.എസുകാർ ശാഖയിൽ ആലപിക്കുന്ന ഗാനം എന്ന കാരണത്താലാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും അതിനെതിരെ പ്രതിഷേധിച്ചത്. കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനിന്റെ കന്നിയാത്രയിൽ പങ്കെടുത്ത സ്കൂൾ കുട്ടികൾ ആ ഗാനം ആലപിച്ചതിനെത്തുടർന്നുണ്ടായ വിവാദം ഇപ്പോൾ ഏതാണ്ട് കെട്ടടങ്ങിയിട്ടുണ്ട്. പക്ഷെ ആ ഗാനം, ആർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇതിനിടെ വമ്പിച്ച പ്രചാരം നേടി.
ഒരോ വരിയും വാക്കും വിമർശനബുദ്ധിയോടെ പരിശോധിച്ചിട്ടും അതിൽ വിവാദപരമായി യാതൊന്നും കണ്ടെത്താൻ ഈയുള്ളവന് കഴിഞ്ഞില്ലെന്നത് ഇവിടെ എഴുതാതെ വയ്യ. ഇതേ ഗാനം വർഷങ്ങൾ മുമ്പ്, ആദ്യ 'വന്ദേ ഭാരത് " ട്രെയിനിന്റെ കേരളത്തിലെ ഉദ്ഘാടനയാത്രയിലും ആലപിച്ചിരുന്നത്രെ. അന്ന് കുട്ടികളല്ല, പ്രശസ്ത സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദനാണ് അത് പാടിയത്. എന്നാൽ ഒരു പ്രതിഷേധവുമുണ്ടായില്ല. ആരും വിവാദവും ഉയർത്തിയില്ല. പക്ഷെ ഇക്കുറി, റെയിൽവേയുടെ വെബ് സൈറ്റിൽ 'വിവാദഗാനം" ഉൾപ്പെടുത്തി എന്നതിന് എതിരെയാണ് റെയിൽവേ മന്ത്രിയോടുവരെ പരാതിപ്പെട്ടത്. സംഗീതം രാഷ്ട്രീയവത്കരിക്കപ്പെടുമ്പോൾ ഇങ്ങനെ വിവാദവും വിലക്കും സ്വാഭാവികം. നിർഭാഗ്യവശാൽ പലപ്പോഴും ചില ഗാനങ്ങൾ ഇക്കാരണത്താൽ 'ബ്രാൻഡ് " ചെയ്യപ്പെടുന്നു. തുടർന്ന് അത് ചിലർക്ക് വിലക്കപ്പെട്ടതാവുന്നു. ഇക്കൂട്ടത്തിൽപ്പെടുന്ന, പാടിപ്പതിഞ്ഞ ഒരു ഗാനമാണ് വയലാർ എഴുതി ദേവരാജൻ മാസ്റ്റർ ഈണം നൽകി കെ.എസ്. ജോർജും കൂട്ടരും ആലപിച്ച 'ബലികുടിരങ്ങളേ.... !" തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനത്തിനായി പ്രത്യേകം തയ്യാറാക്കി, തദവസരത്തിൽ അവതരിപ്പിച്ച അത്യന്തം ആവേശകരമായ ദേശഭക്തിഗാനം പിൽക്കാലത്താണ് കെ.പി.എ.സി നാടകഗാനമായത്. എന്നാൽ അതൊരു വിപ്ലവഗാനമായി 'ബ്രാൻഡ് " ചെയ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് വിരുദ്ധർക്ക് അത് സ്വീകാര്യമല്ലാതെയുമായി. അതേയവസരത്തിൽ കമ്മ്യൂണിസ്റ്റ് എന്ന് എക്കാലവും അഭിമാനിച്ചിരുന്ന ഒ.എൻ.വി യുടെ ഗാനം ആർ.എസ്.എസുകാർ പണ്ടുമുതൽക്കേ ശാഖയിൽ പാടാറുണ്ട്. കമ്മ്യൂണിസ്റ്റുകാർക്കോ അല്ലാത്തവർക്കോ ആർക്കും അതിൽ പ്രശ്നമുള്ളതായി അറിവില്ല. വിലക്കപ്പെട്ട ഗീതങ്ങളെക്കുറിച്ച് എഴുതുമ്പോൾ ഏറെ പ്രസക്തമാണ് നമ്മുടെ ദേശീയ ഗീതത്തിന്റെ ചരിത്രം. പ്രത്യേകിച്ച്, 'വന്ദേമാതരം" രചിക്കപ്പെട്ടതിന്റെ നൂറ്റി അമ്പതാം വാർഷികം രാഷ്ട്രം ആഘോഷിക്കുന്ന ഈ വേളയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിജി തന്നെ അക്കാര്യം രാഷ്ട്രത്തെ ഓർമ്മിപ്പിക്കുകയുണ്ടായി. ഒരുവർഷം നീണ്ടുനിൽക്കുന്ന 'വന്ദേമാതര"ത്തിന്റെ വാർഷികാഘോഷങ്ങൾ ഔപചകാരികമായി ഉദ്ഘാടനം ചെയ്യവേയാണ് പ്രധാനമന്ത്രി ദേശീയഗീതം വികലമാക്കപ്പെട്ടതിന്റെ പശ്ചാത്തലം ചൂണ്ടികാട്ടിയത്. പ്രാധാനപ്പെട്ട ചില ഭാഗങ്ങൾ ദേശീയ ഗീതത്തിൽ നിന്ന് 1937-ൽ മനഃപൂർവം ഒഴിവാക്കിയതിനെക്കുറിച്ചാണ് മോദിജി ഓർമ്മിപ്പിച്ചത്. രാജ്യത്ത് അന്ന് അത് വിഭാഗീയതയുടെയും വിഭജനവാദത്തിന്റെയും വിത്തുകൾ പാകിയതായി പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി അങ്ങനെ പറഞ്ഞതിന്റെ പേരിലും ഇപ്പോൾ വിവാദം ഉയർത്തിവിടാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമങ്ങളുണ്ടായി. 'വന്ദേമാതര"ത്തിന്റെ ആദ്യഭാഗം ഒഴികെ മറ്റ് ഭാഗങ്ങൾ സ്വതന്ത്രഭാരതത്തിൽ ജനിച്ചു വളർന്ന മിക്കവർക്കും അപരിചിതവും അതിലേറെ അജ്ഞാതവുമാണ്. ആദ്യത്തെ നാലുവരികൾ മാത്രമാണ് അവർ കേട്ടിട്ടുണ്ടാവുക. അതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ചിലതൊക്കെ ഇന്ത്യൻ ജനതയെ ഈ അമൃതകാലത്ത് ഓർമ്മിപ്പിക്കേണ്ടി വന്നത്. കൊൽക്കത്തയിൽ, ഹുഗ്ലിയുടെ തീരത്തിരുന്ന് ബംങ്കിംചന്ദ്ര ചാറ്റർജി എഴുതിയ 'വന്ദേമാതര"ഗീതം പ്രസിദ്ധീകരിക്കപ്പെട്ടത് 1875 നവംബർ എഴിന് 'ബംഗദർശൻ" എന്ന മാസികയിലാണ്.
ബംങ്കിം ചന്ദ്ര തന്നെയായിരുന്നു ആ സാഹിത്യ മാസികയുടെ സ്ഥാപക പത്രാധിപർ. പിന്നീട് അദ്ദേഹം തന്റെ 'ആനന്ദമഠം" എന്ന കൃതിയിൽ ആ ദേശഭക്തിഗീതം ഉൾപ്പെടുത്തിയത്തോടെയാണ് അന്നത്തെ ഭാരതത്തിന്റെ വികാരമായി അത് മാറുന്നത്. ബംഗാളിലെ സന്യാസിമാർ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ 1763- 1780 കാലഘട്ടത്തിൽ നടത്തിയ ഐതിഹാസിക കലാപമാണ് 'ആനന്ദ മഠം" എഴുതാൻ, ഡെപ്യൂട്ടി കളക്ടർ ആയിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജിക്ക് പ്രേരണയായത്. രവീന്ദ്രനാഥ ടാഗോറിന്റെ അനന്തിരവൻ അബീന്ദ്രനാഥ ടാഗോർ ബങ്കിം ചന്ദ്രയുടെ കൃതിക്കു നൽകിയ ദൃശ്യാവിഷ്ക്കാരമാണ് ഭാരത മാതാവിന്റെ ആദ്യകാല ചിത്രം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1896-ലെ കൊൽക്കത്ത സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ 'വന്ദേ മാതരം" ആലപിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും മൂലമന്ത്രമായി 'വന്ദേ മാതരം" മാറി. 'ദേശീയത എന്ന മതത്തിന്റെ മന്ത്രം" എന്നാണ് മഹർഷി അരവിന്ദൻ 'വന്ദേമാതര"ത്തെ വിശേഷിപ്പിച്ചത്. അദ്ദേഹം സംസ്കൃതത്തിന് ഏറെ സ്വാധീനമുള്ള ബംഗാളിയിൽ ബങ്കിം ചന്ദ്ര രചിച്ച വരികൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തു.
'ദേശ് " രാഗത്തിലാണ് 'വന്ദേ മാതര" ഗീതം. പിൽക്കാലത്ത് ലതാ മങ്കേഷ്കർ, ഭീംസെൻ ജോഷി, എ.ആർ. റഹ്മാൻ ഉൾപ്പെടെയുള്ള ഗായകർ പലയവസരങ്ങളിൽ, പല രാഗങ്ങളിൽ, പല രീതിയിൽ, ദേശീയഗീതം ആലപിച്ചത് നാം കേട്ടു. 'ആകാശവാണി"യിലും മറ്റും കേട്ടുവരുന്ന 'വന്ദേ മാതരം" പണ്ഡിറ്റ് രവിശങ്കർ ചിട്ടപ്പെടുത്തിയതാണത്രെ. 'ഇന്ത്യൻ വിപ്ലവ സൂര്യൻ" എന്ന് അറിയപ്പെടുന്ന മദൻ ലാൽ ഡിംഗ്രയെ, 1909- ൽ ഇംഗ്ലണ്ടിൽ തൂക്കിലേറ്റിയപ്പോൾ, അവസാനമായി അദ്ദേഹം ഉരുവിട്ടത് 'വന്ദേ മാതരം" ആയിരുന്നു. മറ്റനേകം വിപ്ലവകാരികൾക്കും ദേശസ്നേഹികൾക്കും അത് മഹാമന്ത്രം തന്നെയായിരുന്നു.
ഒട്ടും നിഷേധാത്മകമല്ല ആ വരികൾ. മറിച്ച് അടിമുടി ഭാവാത്മകം. എന്നാൽ അക്കാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് അത്യന്തം പ്രകോപനപരമായിരുന്നു 'വന്ദേമാതരം" പാടുന്നതും പ്രചരിപ്പിക്കുന്നതും. അവർ അക്കാരണത്താൽ അതിന് നിരോധനവും ഏർപ്പെടുത്തിയിരുന്നു. ഭാരതം സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയതോടെ, 'വന്ദേമാതരം" ദേശീയ ഗീതമായി അംഗീകരിക്കപ്പെട്ടു. രവീന്ദ്രനാഥ ടാഗോറിന്റെ 'ജനഗണമന" എന്ന ദേശീയ ഗാനത്തെപ്പോലെ തന്നെ ഔദ്യോഗിക പ്രാധാന്യം ബങ്കിംചന്ദ്ര ചാറ്റർജിയുടെ 'വന്ദേ മാതര"ത്തിനും കൈവന്നു.