വന്യജീവി ആക്രമണം പ്രാദേശിക ദുരന്തം
വന്യജീവികളുടെ ആക്രമണത്തിൽ പ്രധാനമായും രണ്ട് നഷ്ടങ്ങളാണ് സംഭവിക്കുക. വനാതിർത്തിയിലുള്ള ജില്ലകളിൽ താമസിക്കുന്നവരുടെ ജീവൻ നഷ്ടപ്പെടുന്നതാണ് ഏറ്റവും ദൗർഭാഗ്യകരവും അപരിഹാര്യവുമായ നഷ്ടം. മറ്റൊന്ന്, വൻതോതിൽ കാർഷിക വിളകൾ നശിപ്പിക്കപ്പെടുന്നതാണ്. ഈ രണ്ട് കാര്യങ്ങൾ സംഭവിച്ചാലും സർക്കാർ നഷ്ടപരിഹാരം നൽകാറുണ്ട്. എന്നാൽ വന്യജീവിയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടാൽ അയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി എത്ര രൂപയാണ് ഏറ്റവും കുറഞ്ഞത് നൽകേണ്ടത് എന്നതു സംബന്ധിച്ച് വ്യക്തമായ ഒരു മാനദണ്ഡം ഇതുവരെ ഇല്ലായിരുന്നു. അതുപോലെ തന്നെ കാർഷിക വിളകൾ നശിപ്പിച്ചാലും നഷ്ടപരിഹാരത്തിന് ഒട്ടേറെ തടസങ്ങൾ നിലനിന്നിരുന്നെന്നു മാത്രമല്ല, അത് ലഭിക്കാൻ വളരെ വൈകുകയും ചെയ്തിരുന്നു. ഈ രണ്ട് പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകാൻ വഴി തെളിഞ്ഞിരിക്കുന്നു. സുപ്രീംകോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും വ്യത്യസ്ത ഇടപെടലുകളുമാണ് ഇതിന് നിമിത്തമായിരിക്കുന്നത്.
വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചിരിക്കുകയാണ്. ഇത്തരം വന്യജീവി ആക്രമണത്തെ പ്രകൃതിദുരന്തമായി പരിഗണിക്കാനും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ഇത്തരം സംഘർഷങ്ങളെ നിലവിൽ യു.പി സർക്കാർ പ്രകൃതിദുരന്തമായി കണക്കാക്കുന്നുണ്ട്. ഈ രീതി മറ്റ് സംസ്ഥാനങ്ങൾക്കും പിന്തുടരാവുന്നതാണെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് കടുവാ സങ്കേതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഗണിച്ചുള്ള വിധിയിലാണ് കോടതി ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന വിളനാശം ഇനി മുതൽ പ്രാദേശിക ദുരന്തമായി കണക്കാക്കി സഹായധനമനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതാണ് സുപ്രധാനമായ മറ്റൊരു പരിഹാര നടപടി.
പ്രാദേശിക ദുരന്ത വിഭാഗത്തിൽ അഞ്ചാമതായാണ് വന്യജീവി ആക്രമണത്തിന്റെ നാശനഷ്ടം ഉൾപ്പെടുത്തിയിരിക്കുന്നത്. വന്യജീവികളുടെ ആക്രമണത്തിൽ കൂടുതൽ വിള നശിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന് വളരെ ആശ്വാസം പകരുന്ന തീരുമാനമാണിത്. അടുത്ത വർഷത്തെ ഖാരിഫ് സീസൺ മുതൽ ഇത് നടപ്പാക്കിത്തുടങ്ങും. വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന നാശനഷ്ടവും പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിൽ ഉൾപ്പെടുത്തി. തീരദേശ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന നെൽവയലുകളുടെ നാശനഷ്ടം 2018 വരെ പ്രാദേശിക ദുരന്തമായി കണക്കാക്കിയിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പിന്നീട് ഒഴിവാക്കുകയായിരുന്നു. വന്യജീവി സംഘർഷത്തെ പ്രാദേശിക ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് മാതൃകയായി മാറിയത് കേരളമാണെന്നത് അഭിമാനകരമായ വസ്തുതയാണ്. മനുഷ്യ- വന്യജീവി സംഘർഷത്തെ കേരളം 2024 മാർച്ചിൽത്തന്നെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
വന്യജീവി ആക്രമണത്തിൽ ജീവഹാനിയുണ്ടായാലും വിള നശിച്ചാലും സംസ്ഥാനം സ്വന്തം നിലയിൽ നഷ്ടപരിഹാരം നൽകാറുണ്ട്. എന്നാൽ അതിനായി പ്രത്യേക ഇൻഷ്വറൻസ് പദ്ധതികളൊന്നും നിലിവിലില്ലായിരുന്നു. നഷ്ടപരിഹാരം കേന്ദ്രം പ്രധാനമന്ത്രി ഫസൽ ബീമ യോജന ഇൻഷ്വറൻസിൽ ഉൾപ്പെടുത്തിയതിനാൽ നഷ്ടപരിഹാരത്തുക ഇനി കേന്ദ്രത്തിൽ നിന്നാവും ലഭിക്കുക. നഷ്ടപരിഹാരം ലഭിക്കുന്നതിന് സംസ്ഥാനങ്ങൾ ചെയ്യേണ്ട ചില ഉത്തരവാദിത്വങ്ങളും കേന്ദ്രം വെളിപ്പെടുത്തിയിട്ടുണ്ട്. വിളനാശത്തിന് ഉത്തരവാദികളായ വന്യമൃഗങ്ങൾ, ബാധിക്കുന്ന ജില്ലകൾ തുടങ്ങിയ കാര്യങ്ങളുടെ പട്ടിക വിജ്ഞാപനം ചെയ്യണം. അതുപോലെ, വിളനാശമുണ്ടായാൽ 72 മണിക്കൂറിനകം വിള ഇൻഷ്വറൻസ് ആപ്പ് വഴി കർഷകർ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യണം. ഇക്കാര്യങ്ങളൊക്കെ സമയത്ത് ചെയ്യാതെ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന സ്ഥിരം പല്ലവി ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.