വെള്ളമില്ലാതെ നാവായിക്കുളം ഇ.എസ്.ഐ ആശുപത്രി
കല്ലമ്പലം: നാവായിക്കുളം ഇ.എസ്.ഐ ആശുപത്രിയിൽ രൂക്ഷമായ ജലക്ഷാമമെന്ന് പരാതി.ആശുപത്രിയിലെ ടോയ്‌ലെറ്റുകളിൽ ഉൾപ്പെടെ ആവശ്യത്തിന് വെള്ളമില്ലെന്നാണ് രോഗികൾ പറയുന്നത്.അത്യാവശ്യത്തിനായി തങ്ങൾ ശേഖരിച്ച് വച്ചിട്ടുള്ള വെള്ളമാണ് രോഗികൾക്ക് നൽകുന്നതെന്നും,പ്രാഥമിക കൃത്യങ്ങൾക്ക് ഓട്ടോ വിളിച്ച് വീട്ടിൽപോകേണ്ട ഗതികേടിലാണെന്നും ജീവനക്കാർ പറയുന്നു.
ആശുപത്രിയിലെ കുഴൽക്കിണറിൽ നിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പഞ്ചായത്ത് അധികൃതർക്കും വാട്ടർ അതോറിട്ടിക്കും ഇതുസംബന്ധിച്ച് പരാതികൾ നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞു. വാട്ടർ അതോറിട്ടി അധികൃതർ പൈപ്പ് ലൈൻ കണക്ഷൻ നൽകാൻ തയ്യാറാണെങ്കിലും റോഡ് മുറിച്ച് പൈപ്പിടാനുള്ള അനുമതി ലഭിക്കാത്തതിനാൽ അവരും കൈയൊഴിഞ്ഞു.
പുതിയതായി ടാർ ചെയ്ത റോഡ് വെട്ടിപ്പൊളിക്കാൻ കഴിയില്ലെന്ന വിവരം ലഭിച്ചതായി ആശുപത്രി ജീവനക്കാർ പറഞ്ഞു. എത്രയുംവേഗം ആശുപത്രിയിലെ ജലദൗർലഭ്യത്തിന് പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവശ്യം.