ആ കള്ളപ്രചാരണം ഇന്ത്യക്കെതിരെ നടത്തിയത് ചൈന, ഓപ്പറേഷൻ സിന്ദൂറിൽ തകർന്നെന്ന് പറഞ്ഞുപരത്തിയത് എഐ ചിത്രങ്ങൾ വഴി

Wednesday 19 November 2025 9:21 PM IST

വാഷിംഗ്‌ടൺ: ഓപ്പറേഷൻ സിന്ദൂർ നടപടിക്കിടെ ഇന്ത്യ ഉപയോഗിച്ച റഫാൽ വിമാനങ്ങൾ തകർന്നുവീണെന്ന് പാകിസ്ഥാൻ പ്രചരിപ്പിച്ചത് തെറ്റെന്ന് യുഎസ് റിപ്പോർട്ട്. എഐയിൽ നിർമ്മിച്ച ചിത്രങ്ങളും പോസ്റ്റുകളും വഴി ഈ തെറ്റായ വിവരം പ്രചരിപ്പിച്ചതിന് പിന്നിൽ ചൈനയാണെന്ന് യുഎസ് കോൺഗ്രസ് ഉപദേശക സമിതി റിപ്പോർട്ടിൽ പറയുന്നു. ഈ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.

റഫാൽ യുദ്ധവിമാനങ്ങളുടെ അവശിഷ്‌ടമെന്ന് തോന്നിക്കാൻ എഐ നിർമ്മിത ചിത്രങ്ങൾ ചൈന വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ട് വഴി വ്യാപകമായി പ്രചരിപ്പിച്ചെന്ന് യുഎസ്-ചൈന ഇക്കണോമിക് ആന്റ് സെക്യൂരിറ്റി റിവ്യൂ കമ്മിഷൻ യുഎസ് കോൺഗ്രസിന് സമർപ്പിച്ച വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഫ്രാൻസ് നിർമ്മിച്ച റഫാൽ യുദ്ധവിമാനത്തിന്റെ ലോകമാകെയുള്ള വിപണി സാദ്ധ്യതയെ തകർക്കാനും ഇന്ത്യയുടെയും ഫ്രാൻസിന്റെയും വിമാനങ്ങളെ നശിപ്പിക്കാനുമാണ് ചൈന ഈ കുതന്ത്രം പ്രയോഗിച്ചത്. ഇതോടൊപ്പം ചൈനയുടെ ജെ-35 യുദ്ധവിമാനത്തിന് വിവിധ രാജ്യങ്ങളിൽ വിപണി ശക്തമാക്കാനുമായിരുന്നു ഉദ്ദേശം.

പഹൽഗാം ഭീകരാക്രമണത്തിൽ സാധാരണക്കാരായ 26പേർ മരിച്ചതിന് മറുപടിയായാണ് ദിവസങ്ങൾക്കകം മേയ് മാസത്തിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപടി ആരംഭിച്ചത്. ഇന്ത്യയുടെ ആയുധങ്ങളുടെ മികവും പാക് കൈവശമുള്ള ആയുധങ്ങളുടെ ദയനീയതയും ഈ സമയം ലോകമാകെ ചർച്ചയായി. ഇന്ത്യയ്‌ക്ക് നേരെ പാകിസ്ഥാൻ പ്രയോഗിച്ചതിലേറെയും ചൈനയുടെ ആയുധങ്ങളായിരുന്നു.

ചൈനയുടെ ആയുധങ്ങളുടെ പ്രത്യേകതകൾ ചൈനയ്‌ക്ക് എടുത്തുകാട്ടാൻ അവർ ഈ സമയം ഉപയോഗിച്ചിരുന്നു. പാക് സൈനിക വിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനവും ഇന്ത്യ തകർത്തിരുന്നു.യുദ്ധമില്ലാതെ തന്നെ വിവിധയിടങ്ങളിലെ ഭൗമരാഷ്‌ട്രീയ ഫലങ്ങളെ ബാധിക്കുന്ന തരം തന്ത്രമായിരുന്നു ചൈന നടത്തിയ റഫാൽ വിമാനം തകർന്നെന്ന വാദമെന്ന് യുഎസ് റിപ്പോർട്ടിലുണ്ട്. ചൈനീസ് ഗ്രേസോൺ സ്‌ട്രാറ്റജിയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.