പിറകെ ഓടി തെരുവ് നായ്ക്കൾ ബി.എൽ.ഒമാർക്കും 'നോ രക്ഷ'
കിളിമാനൂർ: വഴിനീളെ കുരച്ച് പാഞ്ഞടുക്കുന്ന തെരുവ് നായ്ക്കൾ...ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം തെരുവ് നായ ശല്യത്താൽ ദുരിതത്തിലായിരിക്കുകയാണ് ബി.എൽ.ഒമാർ.
വൃശ്ചിക മാസമായതുകൊണ്ട് വൈകിട്ട് 5 ആകുമ്പോഴേ ഇരുട്ട് വീണുതുടങ്ങും. ഒപ്പം മഴയും.പല സ്ഥലങ്ങളിലും തെരുവ് വിളക്കുകൾ പോലുമില്ല. അപ്പോ നായ്ക്കളുടെ ശല്യം ഇരട്ടിയാണെന്ന് പുല്ലമ്പാറ,കല്ലറ,പാങ്ങോട്,വാമനപുരം മേഖലയിൽ എസ്.ഐ.ആർ ഫോമുമായി ഇറങ്ങിയ ബി.എൽ.ഒമാർ പറയുന്നു.
ഫീൽഡിൽ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് മേലധികാരികൾക്ക് അറിയില്ല. ഇഴജന്തുക്കൾ നിറഞ്ഞ പ്രദേശത്തും വെള്ളക്കെട്ടിലും അകപ്പെട്ട് പല ദിവസങ്ങളിലും മടങ്ങിവരാൻ വഴിയറിയാതെ പകച്ചു നിന്നിട്ടുണ്ടെന്നാണ് ഒരു വനിതാ ബി.എൽ.ഒയുടെ വെളിപ്പെടുത്തൽ. സ്ഥാനാർത്ഥിയാണെന്നു കരുതി കാണുമ്പോൾത്തന്നെ വോട്ട് ചെയ്തേക്കാമെന്ന് ഉറപ്പ് നൽകുന്നവരുമുണ്ട്. കഴിഞ്ഞ അഞ്ച് വർഷം നേരിട്ട പരാധീനതകൾ എണ്ണിപ്പറയുന്നവരും കുറവല്ലെന്ന് ബി.എൽ.ഒമാർ പറയുന്നു.
അമിത സമ്മർദ്ദവും
ദിവസം അമ്പത് ഫോമുകൾ വിതരണം ചെയ്താൽ മതിയെന്നായിരുന്നു ആദ്യ നിർദ്ദേശം. എന്നാൽ, ജോലി തുടങ്ങിയതോടെ കളം മാറി.വീട്ടുകാരുടെ സഹകരണമില്ലായ്മ, ഫോം പൂരിപ്പിച്ച് നൽകുന്നതിലെ കാലതാമസം, എസ്.ഐ.ആറിനോടുള്ള വിയോജിപ്പ്, കുറഞ്ഞ സമയം കൂടുതൽ ടാർഗറ്റ്, അനാവശ്യം ധൃതിയും അമിത സമ്മർദ്ദവും എന്നിവയാണ് ബി.എൽ.ഒമാർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.
നേരിടുന്ന വെല്ലുവിളികൾ
ഉൾപ്രദേശങ്ങളിൽ അധികവും കൃഷിപ്പണിക്കാരാണ്. രാവിലെ 8ന് മുൻപ് വീട്ടിൽ നിന്നിറങ്ങുന്നവരെ തേടിപ്പിടിച്ച് ഫോം കൈമാറുന്നത് ചില്ലറപ്പണിയല്ല.വഴി തപ്പിപ്പിടിച്ചെത്തുമ്പോൾ അവർ വീടും പൂട്ടി ജോലിക്ക് പോയിട്ടുണ്ടാവും. 2002ലെ വോട്ടർ പട്ടികയിലുള്ള പലരും വീടുമാറി പോയി.ഇവരെ കണ്ടെത്തുന്നതുതന്നെ ശ്രമകരമാണ്. പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയാലും തിരികെയെത്താൻ പാതിരാത്രി കഴിയും. ഇതിനിടെ ചിലപ്പോൾ ഭക്ഷണം പോലും മുടങ്ങും. ചില വീടുകളിലെത്തുമ്പോൾ തങ്ങളുടെ പൗരത്വം ഇല്ലാതാക്കാനെത്തിയവരെന്ന പഴി വേറെയും കേൾക്കണം.