വ്യാജ നിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ
ആലപ്പുഴ: വ്യാജനിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. എടത്വ പച്ച പരിച്ചിറ വീട്ടിൽ സുമേഷാണ് (42) ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായത്. തിരുവമ്പാടി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചമഞ്ഞാണ് പരാതിക്കാരിയുടെയും സുഹൃത്തുക്കളുടെയും കൈയിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി മുങ്ങിയത്. പരാതിക്കാരിക്ക് കലവൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ സ്റ്റാഫ് നഴ്സായി ജോലി നൽകാമെന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എം.ബി.ബി.എസ്, ബി.എസ്‌സി നഴ്സിംഗിന് അഡ്മിഷൻ വാങ്ങിത്തരാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഇതിനായി വ്യാജ നിയമന ഉത്തരവും നൽകിയിരുന്നു.
ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന് പരാതി നൽകിയതിനെ തുടർന്ന്
ആലപ്പുഴ ഡിവൈ.എസ്.പി ബിജു വി.നായരുടെ നിർദ്ദേശപ്രകാരം സൗത്ത് പൊലീസ് എസ്.എച്ച്.ഒ വി.ഡി.റജിരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തിരുവല്ലയിൽ നിന്ന്
പ്രതിയെ പിടികൂടിയത്. നിയമന തട്ടിപ്പ് കേസിൽ സുമേഷിനെതിരെ നേരത്തെയും വിവിധ സ്റ്റേഷനുകളിൽ പരാതിയുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പ്രിൻസിപ്പൽ എസ്.ഐ പി.ആർ.രാജീവ്, എസ്.ഐമാരായ മുഹമ്മദ് നിയാസ്, കണ്ണൻ എസ്. നായർ, മോഹനകുമാർ, ആർ.മുജീബ്, എ.എസ്.ഐ ടി.വി.ജോസഫ്, സീനിയർ സി.പി.ഒമാരായ ആർ. ശ്യാം, വി.ജി.ബിജു, ജിനൂബ്, ജി. അരുൺ എന്നിവരും ഉണ്ടായിരുന്നു.