താമരചിഹ്നത്തിൽ അമ്മ, കൈപ്പത്തിയിൽ മകൻ
ചാരുംമൂട് : തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്മയും മകനും മത്സര രംഗത്ത്. താമരക്കുളം ഗ്രാമ പഞ്ചായത്തിലെ വേടരപ്ലാവ് ജിത്തുനിവാസിൽ മനോഹരന്റെ ഭാര്യ പ്രസന്ന മനോഹരനും മകൻ അനുജിത്ത് മനോഹരനുമാണ് വ്യത്യസ്ത പാർട്ടികളിലായി ജനവിധി തേടുന്നത്. 16 -ാം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിലാണ് മഹിളാമോർച്ചയുടെ മണ്ഡലം സെക്രട്ടറികൂടിയായ പ്രസന്ന മത്സരിക്കുന്നത്. പാരലൽ കോളേജ് അദ്ധ്യാപകനായ അനുജിത്ത് 18 -ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്‌നത്തിലാണ് ജനവിധി തേടുന്നത്. ഒരേ വീട്ടിലാണ് താമസമെങ്കിലും രണ്ട് പാർട്ടിയിൽ മത്സരിക്കുന്നതിൽ ബന്ധുക്കൾക്ക് ആർക്കും എതിർപ്പില്ലെന്ന് അവർ പറയുന്നു. രണ്ട് പേരുടെയും വോട്ട് പതിനെട്ടാം വാർഡിലാണ്.
ആദ്യം സ്ഥാനാർത്ഥിയായത് അനുജിത്താണ്. പാർട്ടി ഭാരവാഹിത്വമില്ലെങ്കിലും കഴിഞ്ഞ 25 വർഷമായി കൈവിട്ടുപോയ വാർഡ് തിരിച്ചു പിടിക്കാനാണ് അനുജിത്തിനെ ഇറക്കിയിരിക്കുന്നത്. 15 വർഷമായി ആരാധനാലയങ്ങളിൽ ഭാഗവതപാരായണം ചെയ്യുന്ന പ്രസന്ന തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.