സി.പി.എം - സി.പി.ഐ തർക്കം, തുറന്ന പോരിലേക്ക് രാമങ്കരി

Thursday 20 November 2025 1:21 AM IST

കുട്ടനാട്: തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തുടങ്ങിയതോടെ രാമങ്കരി പഞ്ചായത്തിൽ കഴിഞ്ഞ രണ്ടര വർഷമായി നിലനിൽക്കുന്ന സി.പി.എം- സി.പി.ഐ പോര് പൊട്ടിത്തെറിയിലേക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെ ഇടപെട്ട് നടത്തിയ മാരത്തോൺ ചർച്ചയിൽ പോലും പ്രശ്നങ്ങൾക്ക് പരിഹാരമായില്ല.

ഇതോടെ,​ പഞ്ചായത്തിലെ 4, 5, 6, 8, 13, 12, 14 വാർഡുകളിൽ മത്സരിക്കാനൊരുങ്ങി സി.പി.ഐ.

ലോക്കൽ കമ്മിറ്റി അംഗങ്ങളായ സജീവ് ഉതുംതറ, കുഞ്ഞുമോൾ ശിവദാസ്, അരുൺലാൽ, അജിത ബാബു, ബിനു ശരത് എന്നിവർ ഇന്ന് പത്രിക സമർപ്പിക്കും. സി.പി.ഐ സ്വതന്ത്ര സ്ഥാനാർത്ഥിയായ രമ്യ സജീവ് അടുത്തദിവസവും പത്രിക സമർപ്പിക്കുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം സി.പി.ഐയ്ക്ക് ഒറ്റ സീറ്റുമാത്രമാണ് രാമങ്കരി പഞ്ചായത്തിൽ ഉണ്ടായിരുന്നത്. എന്നാൽ,​ സി.പി.ഐയുടെ നിലവിലെ നോർത്ത് മണ്ഡലം സെക്രട്ടറി ആർ. രാജേന്ദ്രകുമാർ ഉൾപ്പെടെയുള്ള ഒരു വിഭാഗം പ്രവർത്തകർ സി.പി.എമ്മിൽ നിന്ന് വന്നതോടെയാണ് കൂടുതൽ സീറ്റ് വേണമെന്ന ആവശ്യം ശക്തമായത്.

മാരത്തോൺ ചർച്ചയും പരാജയം

ലോക്കൽ കമ്മിറ്റി തലത്തിൽ നടന്ന ആദ്യചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സി.പി.എം ഏരിയാ നേതൃത്വവുമായി നടന്ന ചർച്ചയിൽ രണ്ട് സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അതും അംഗീകരിക്കാൻ സി. പി.ഐ തയ്യാറായില്ല. തുടർന്ന് നടന്ന ജില്ലാ തല ചർച്ചയിൽ നിലപാട് ആവർത്തിക്കപ്പെട്ടതൊടെ ഒറ്റയ്ക്ക് മത്സരിക്കാൻ സി.പി.ഐ തീരുമാനിക്കുകയായിരുന്നു.

എന്തായാലും,​ തദ്ദേശതിരഞ്ഞെടുപ്പോടെ കുട്ടനാട്ടിൽ സി.പി.എം - സി.പി.ഐ മുന്നണി ബന്ധം പേരിന് മാത്രമാകുമോയെന്ന ആശങ്കയിലാണ് പ്രവർത്തകർ. ബി.ജെ.പി - ബി.ഡി.ജെ.എസ് സഖ്യവും പഞ്ചായത്തിലെ തങ്ങളുടെ ശക്തി തെളിയിക്കാനൊരുങ്ങി ഇന്നലെ ഏതാനും നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിരുന്നു. യു.ഡി.എഫ് അംഗങ്ങൾ ഇന്ന് പത്രിക സമർപ്പിക്കും. ഇവരെല്ലാവരും കളം നിറയുന്നതോടെ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രാമങ്കരി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ജില്ലയിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറും.

ജില്ലയിൽ രാമങ്കരി ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലും സി.പി.എം-സി.പി.ഐ തർക്കം അവസാനിച്ചു. രാമങ്കരിയിൽ സി.പി.ഐ ആവശ്യപ്പെടുന്ന എല്ലാസീറ്റുകളും നൽകാൻ കഴിയില്ല. തിരഞ്ഞെടുപ്പിന് മുമ്പ് പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്

- ആർ.നാസർ,​ സി.പി.എം ജില്ലാ സെക്രട്ടറി