തെരുവുനായയുടെ ആക്രമണത്തിൽ സ്ഥാനാർത്ഥിയ്ക്കടക്കം 10 പേർക്ക് പരിക്ക്
ആലപ്പുഴ: മണ്ണഞ്ചേരി റോഡുമുക്കിൽ തെരുവുനായയുടെ ആക്രമണത്തിൽ വോട്ട് തേടിയിറങ്ങിയ സ്ഥാനാർത്ഥിയ്ക്കും നാലുവയസുകാരനുമടക്കം പത്ത് പേർക്ക് കടിയേറ്റു. 65 വയസ്സുകാരിയുടെ കൈയിലെ ചെറുവിരലിന്റെ ഭാഗം നായ കടിച്ചെടുത്തു. ഇന്നലെ രാവിലെ 7 മണിക്ക് റോഡുമുക്ക് ഭാഗത്തായിരുന്നു നായയുടെ ആക്രമണത്തിന് തുടക്കം. ഒമ്പതരയോടെ തമ്പകച്ചുവട് ഭാഗത്ത് ഓടിയെത്തുന്നത് വരെയുള്ള സമയത്താണ് പത്ത് പേരെ ആക്രമിച്ചത്. മണ്ണഞ്ചേരി പഞ്ചായത്ത് പത്താം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സുധർമ്മയ്ക്ക് കാലിന് കടിയേറ്റു. അങ്കണവാടിയിലേക്ക് പോകാൻ തയാറെടുക്കവേയാണ് നാലുവയസ്സുകാരൻ അഞ്ജൽ അനീഷിന്റെ കൈയിൽ നായ കടിച്ചുവലിച്ചത്. അമ്മയടക്കമുള്ള ബന്ധുക്കൾ ഓടിയെത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്.
സ്വന്തം വീട്ടിൽ നിന്ന് മകളുടെ വീട്ടിലേക്ക് നടന്നുപോകും വഴിയാണ് റോഡ്മുക്ക് നഫ്യാനവെളിയിൽ അബ്ദുൾ നാസറിനെ (63) പിന്നാലെ എത്തിയ നായ മുണ്ട് കടിച്ചുവലിച്ചു കീറി കാലിൽ കടിച്ചത്. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന ചുങ്കം സ്വദേശിയായ മോബിൻ വർഗീസിന് (33) വീട്ടുസാധനം വാങ്ങാനായി കടയിലേക്ക് പോകും വഴിയാണ് കടിയേറ്റത്. 65 വയസ്സുകാരിയായ ബീമയുടെ കൈയിലെ ചെറുവിരലിന്റെ ഭാഗം നായ കടിച്ചെടുത്തു. ഇവർ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. സോപ്പുപൊടി നിർമ്മിച്ച് വീടുവീടാന്തരം നടന്നു വിൽപ്പന നടത്തുന്നതിനിടെയാണ് നായ ആക്രമിക്കാൻ പാഞ്ഞെടുത്തത്. നായയെ എറിയാൻ കല്ലെടുത്തപ്പോഴേക്കും ബീമയുടെ കൈയിൽ കടിയേേറ്റു. കൈയിലെ നാലു വിരലുകൾ ചേർത്താണ് കടിച്ചത്. ബീമയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പത്രമിടാൻ പോകുന്ന വഴിക്കാണ് വടക്കനാര്യാട് പുലിക്കാട്ടിൽ അതുൽ കൃഷ്ണയുടെ (18) കാലിൽ കടിയേറ്റത്. തമ്പകച്ചുവട് സ്വദേശി സതീഷ് വഴിയരികിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. വീടിന് മുൻവശത്ത് നിൽക്കുമ്പോഴാണ് നായ പാഞ്ഞടുത്ത് കടിച്ചതെന്ന് കാട്ടുവേലിക്കകത്ത് ബിന്ദു പറഞ്ഞു. വായലിൽ ഗീത, റോഡ് മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന സതീഷ് എന്നിവർക്കും കടിയേറ്റു. എല്ലാവരും ആലപ്പുഴ ജനറൽ അശുപത്രിയിൽ ചികിത്സ തേടി പ്രതിരോധ കുത്തിവയ്പ്പെടുത്തു. ആക്രമണം നടത്തിയ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.