ജില്ലയിൽ കഴിഞ്ഞവർഷം പിടികൂടിയ പാമ്പുകൾ 1193

Thursday 20 November 2025 1:29 AM IST

ആലപ്പുഴ : മഞ്ഞ് വീണു തുടങ്ങി. തണുപ്പ് തേടി പാമ്പുകൾ ജനവാസ മേഖലയിലേക്ക് ഇഴഞ്ഞെത്താം. ജാഗ്രത വേണമെന്ന് സ്‌നേക് ഹാൻഡ്‌ലർമാർ. കഴിഞ്ഞ ഒരുവർഷത്തിനിടെ വിഷമുള്ളവയും അല്ലാത്തവയുമായി 1193 പാമ്പുകളെയാണ് ജില്ലയിൽ സ്‌നേക് ഹാൻഡ്‌ലർമാർ പിടികൂടിയത്. സാധാരണ ഡിസംബർ, ജനുവരി മാസങ്ങളിൽ പാമ്പുകൾ ഇണചേർന്ന് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കുഞ്ഞുങ്ങൾ വിരിയുകയുമാണ് ചെയ്യുന്നത്.

പാമ്പുകൾ കടന്നിരിക്കുന്നത് ഒഴിവാക്കാൻ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുകയും വിറകും മറ്റുള്ളവയും വീടിന്റെ അരികിനോട് ചേർന്ന് വയ്ക്കാതിരിക്കുകയും ചെയ്യണം. പാമ്പുകൾ കതകിന്റെ വിടവിലൂടെയും മറ്റും വീടിനുള്ളിൽ എത്തിയേക്കാം. പെരുമ്പാമ്പ്, മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ടമണ്ഡലി എന്നീ ഇനങ്ങളാണ് അധികവും. പിടികൂടുന്ന പാമ്പുകളെ വനപ്രദേശങ്ങളിലും ആൾത്താമസമില്ലാത്ത മേഖലകളിലും തുറന്നുവിടുകയാണ് ചെയ്യുന്നത്.

ജില്ലയിൽ റാന്നി ഫോറസ്റ്റ് റേഞ്ച് പ്രദേശങ്ങളിലാണ് വിഷപ്പാമ്പുകളെ തുറന്നുവിടുക. പരിശീലനം ഇല്ലാത്തവർ പാമ്പിനെ പിടിക്കാൻ ശ്രമിക്കരുത്.

പാമ്പുകളുടെ ആകെ എണ്ണം വലിയ രീതിയിൽ കുറഞ്ഞുവരുന്നതായി റസ്ക്യൂ പ്രവർത്തകർ പറയുന്നു. ഇത് ആവാസവ്യവസ്ഥയെ തകർക്കാനും കാരണമായേക്കും.

പാമ്പിന്റെ കടിയേറ്റാൽ

 കടിയേറ്റഭാഗം അനക്കാതെ സൂക്ഷിക്കുക.

 കടിച്ചപാമ്പ് ഏതാണെന്ന് കണ്ടെത്തിയാൽ നല്ലത്

 രോഗിയെ നന്നായി നിരീക്ഷിക്കുക

 എത്രയുംവേഗം ആശുപത്രിയിൽ എത്തിക്കണം

താലൂക്ക് ആശുപത്രികൾ മുതലുള്ള ആശുപത്രികളിൽ പ്രതിവിഷം ലഭിക്കും

 ശാസ്ത്രീയമായ രീതിയിൽ ചികിത്സ ഉറപ്പാക്കാൻ ശ്രമിക്കണം

സഹായത്തിന് സർപ്പ

പാമ്പുകളെ കണ്ടാൽ ഉടൻ 'സർപ്പ ' ആപ്പിലൂടെ വനംവകുപ്പിനെ അറിയിക്കാം. പരിശീലനം ലഭിച്ച സ്‌നേക് ഹാൻഡ്‌ലേഴ്‌സെത്തി പിടികൂടും.

പിടികൂടിയ പാമ്പുകളുടെ എണ്ണം

(2024 നവംബർ മുതൽ ഇതുവരെ)

 മൂർഖൻ - 380

 അണലി - 125

 വെള്ളിക്കെട്ടൻ - 3

 രാജവെമ്പാല -1

 വിഷമില്ലാത്തവ - 684

ജില്ലയിൽ ലൈസൻസ് ലഭിച്ച റെസ്‌ക്യൂ പ്രവർത്തകർ

32

പാമ്പിനെ കണ്ടാൽ സർപ്പ ആപ്പിൽ വിളിച്ച് അറിയിച്ചാൽ പരിശീലനം ലഭിച്ചവരെത്തി പിടികൂടും. രാത്രിയിൽ സഞ്ചരിക്കുന്നവർ ടോ‌ർച്ച് കൈയിൽ കരുതണം

-സജി ജയമോഹൻ,ഫെസിലിറ്റേറ്റർ ,സർപ്പ