അച്ഛന്റെ ശിക്ഷണത്തിൽ നടനത്തിൽ ഒന്നാമൻ അനിരുദ്ധ്

Wednesday 19 November 2025 10:53 PM IST

കണ്ണൂർ: കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ കേരള നടനത്തിലും ഭരത നാട്യത്തിലും ഒന്നാമനായി എം.അനിരുദ്ധ്. സി.പി.എൻ.എസ് മാതമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. നൃത്താദ്ധ്യാപകനായ അച്ഛൻ പി.വി മുത്തുരാജാണ് നൃത്തത്തിൽ അനിരുദ്ധിന്റെ ആദ്യ ഗുരു. പിന്നീട് രാംദാസ് മട്ടന്നൂരിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചു. കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി സംസ്ഥാന മത്സരങ്ങളിലും പങ്കെടുത്തു. വീട്ടിൽ അച്ഛന്റെയും ബന്ധുവിന്റെയും നേതൃത്വത്തിലാണ് മത്സരങ്ങൾക്ക് ആവശ്യമായ പരിശീലനം നടത്തുന്നത്. അച്ഛന്റെ ശിക്ഷണത്തിൽ ഗ്രൂപ്പ് വിഭാഗങ്ങളിൽ വിവധ സ്കൂളുകളിലെ വിദ്യാർത്ഥികൾ മത്സരിക്കുന്നുണ്ട്. മകന്റെ വിജയത്തിൽ സന്തോഷിച്ച് മുത്തുരാജും കലോത്സവ വേദിയിൽ ഉണ്ടായിരുന്നു. പിലാത്തറ സ്വദേശിയാണ്. അമ്മ: ഷീബ