രാഷ്ട്രപതിയുടെ റഫറൻസ്: സുപ്രീംകോടതിയുടെ അഭിപ്രായം ഇന്നറിയാം

Thursday 20 November 2025 12:01 AM IST

ന്യൂഡൽഹി: നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമു ഉന്നയിച്ച 14 ചോദ്യങ്ങളിൽ സുപ്രീംകോടതിയുടെ അഭിപ്രായം ഇന്നറിയാം. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നത്.

തമിഴ്നാട് ഗവർണർക്കെതിരെ അവിടത്തെ സർക്കാർ സമർപ്പിച്ച ഹർജിയിലായിരുന്നു ഇക്കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ചത്. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിൽ ജുഡീഷ്യൽ ഉത്തരവുകൾ വഴി അതിനു കഴിയുമോ, ഭരണഘടനയിലെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരത്തിന് പരിമിതികളില്ലേ തുടങ്ങിയ ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചത്. കേന്ദ്രസർക്കാർ റഫറൻസിനെ അനുകൂലിച്ചപ്പോൾ, കേരളവും തമിഴ്നാടും അടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ എതിർത്തു. ഭരണഘടനയിലെ അനുച്ഛേദം 143(1) പ്രകാരം രാഷ്ട്രപതിക്ക് സുപ്രീംകോടതിയോട് അഭിപ്രായം തേടാം. ആ സവിശേഷാധികാരം ഉപയോഗിച്ചായിരുന്നു റഫറൻസ്.