അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

Thursday 20 November 2025 12:04 AM IST

പനാജി : രാജ്യത്തിന്റെ 56-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് ഗോവയിൽ തിരശീല ഉയരും. യുദ്ധം, ആഭ്യന്തര കലാപങ്ങൾ, ജീവിത ദുരിതങ്ങൾ, പ്രണയം, വിശപ്പ് അങ്ങനെ മനുഷ്യ ജീവിതത്തിന്റെ നാനാവശങ്ങൾ പ്രതിപാദ്യമാകുന്ന പ്രമേങ്ങളുമായി 240 സിനിമകൾ. മൂവായിരത്തോളം ഡെലിഗേറ്റുകൾ. അവരിൽ ഭൂരിഭാഗവും മലയാളികൾ. അങ്ങനെ ഇനി എട്ടു ദിവസം ഗോവ മലയാളം സംസാരിക്കും. മികച്ച ചിത്രങ്ങളുടെ രാജ്യാന്തര പ്രീമിയറുകൾ, നവാഗത ചിത്രങ്ങൾ. അങ്ങനെ മേളയെ സമ്പന്നമാക്കുന്ന സവിശേഷതകൾ ഏറെ. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്‌താൽ മലയാളം പ്രാതനിധ്യം പനോരമയിൽ കുറവാണ്. ഇക്കുറി മൂന്നു ചിത്രങ്ങൾ മാത്രം ആണ് പനോരമയിൽ ഇടം പിടിച്ചത്. മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ്‌ ചിത്രം തുടരും ഇതിൽ ഉൾപ്പെടുന്നു. സർക്കീട്ട്, എ.ആർ. എം എന്നിവയും ഉൾപ്പെടുന്നു.