കിടപ്പറയിൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം,​ ഇല്ലെങ്കിൽ കാത്തിരിക്കുന്നത് രോഗങ്ങൾ

Wednesday 19 November 2025 11:58 PM IST

ഒരുദിവസം മുഴുവനുള്ള അദ്ധ്വാനം കഴിഞ്ഞ് വീട്ടിലെത്തുന്ന നമ്മൾ മനുഷ്യർക്ക് പിറ്റേന്ന് നല്ലതാകണമെങ്കിൽ നല്ല ഉറക്കം കൂടിയേ തീരൂ. ദിവസേന നാം കിടന്നുറങ്ങാനുപയോഗിക്കുന്ന കിടക്കയിലെ വിരി നമ്മൾ മാസത്തിലൊരിക്കൽ മാറ്റിയിടുകയും വൃത്തിയാക്കുകയും ചെയ്യാറുണ്ട്. വിദഗ്ദ്ധർ പറയുന്നതനുസരിച്ച് ഏഴ് മുതൽ 10 ദിവസത്തിനകം കിടക്ക വിരിപ്പുകൾ മാറ്റണമെന്നാണ്.

ഓരോ തവണ കിടക്കുമ്പോഴും നമ്മുടെ ശരീരത്തിലെ സൂക്ഷ്‌മാണുക്കൾ, ത്വക്കിലെ മൃതഭാഗങ്ങൾ മുതൽ പലതും വിരിപ്പിൽ പറ്റിപ്പിടിക്കും. തുടർച്ചയായി ഇതിന്റെ ഉപയോഗം നന്നല്ല അതിനാലാണ് വിരി മാറ്റുന്നത്. എന്നാൽ അതുപോലെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു ഭാഗം നാം വിരി മാറ്റിയാലും വൃത്തിയാക്കുന്നതേയില്ല. അഥവാ പലരും അതൊട്ട് ഓർക്കാറില്ല. കിടക്കയാണ് അത്.

കിടക്ക മടക്കിവച്ചാലോ വിരിപ്പുകൊണ്ട് വിരിച്ചിട്ടാലോ അത് വൃത്തിയായി എന്നർത്ഥമില്ല. അത് അണുവിമുക്തമാക്കാൻ ചില പൊടിക്കൈകൾ പ്രയോഗിക്കണം. ദിവസങ്ങളോ മാസങ്ങളോ ആയി ഉപയോഗിക്കുന്ന മെത്തയിൽ പല തരം കറകൾ പറ്റാം. അവ എങ്ങനെ മാറ്റാമെന്ന് നോക്കാം.

ആദ്യമായി വേണ്ടത് വളരെ വൃത്തിയുള്ള നീളമുള്ള കുറച്ച് തുണികളാണ്. ശേഷം ബേക്കിംഗ് സോഡ, വിനാഗിരി, ഹൈഡ്രജൻ പെറോക്‌സൈഡ്, ഒരൽപം ലിക്വിഡ് സോപ്പ്, സ്‌പ്രേ ബോട്ടിൽ, ഒരു ഡ്രയർ എന്നിവ എടുക്കുക.

ആദ്യമായി ഏത് തരം കറയാണ് പിടിപെട്ടതെന്ന് നിരീക്ഷിക്കുക. ഇനി വാക്വം ക്ളീനർ കൊണ്ട് പൊടി അകറ്റണം. ഇനി അര കപ്പ് ചൂട് വെള്ളവും അൽപം വിനാഗിരിയും ചേർത്ത് അത് സ്‌പ്രേ ബോട്ടിലിൽ എടുക്കുക. കറയിൽ കൃത്യമായി തളിച്ച ശേഷം തുണികൊണ്ട് തുടക്കുക. മെത്തയുടെ തുണി നശിക്കാത്ത തരത്തിൽ മൃദുവായി വേണം ചെയ്യാൻ. ഇനി വൃത്തിയായി എന്ന് തോന്നിയാൽ ബേക്കിംഗ് സോഡ എടുത്ത് തളിച്ച് ഒരു രാത്രി അതുപോലെ തുടരുക. പിറ്റേന്ന് രാവിലെ അത് വാക്വം ക്ളീനറുപയോഗിച്ച് വൃത്തിയാക്കുക. ഒരുവിധം കറകളോ പാടോ ഇപ്പോൾ പോയിട്ടുണ്ടാകും.