'കാടിറക്ക"ത്തെ ഓർമ്മിപ്പിച്ച് പോത്തിൻകണ്ടം എസ്.എൻ യു.പി സ്‌കൂൾ
മുരിക്കാശ്ശേരി: പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും വികസനത്തിന്റെ ആവശ്യകതയും സമന്വയിപ്പിച്ച് നാടകവേദിയിൽ ശ്രദ്ധേയമായി ' കാടിറക്കം". യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പോത്തിൻകണ്ടം എസ്.എൻ യു.പി സ്‌കൂളിന്റെ ഈ നാടകം കാട് വെട്ടിതെളിച്ച് കുടിയേറി പാർത്ത കുടിയേറ്റ കർഷകരുടെ നാടായ ഇടുക്കി ജില്ലയുടെ കഥയാണ് പറഞ്ഞത്. വഞ്ചനയിലൂടെയും ചതിയിലൂടെയും സ്വാർത്ഥലാഭങ്ങൾ നേടാനുള്ള മനുഷ്യരുടെ നേർക്ക് വിരൽ ചൂണ്ടുന്ന ചന്ദനമരത്തിലെ തത്തകളും മൃഗങ്ങളുമാണ് കഥാപാത്രങ്ങൾ. മൃഗങ്ങളുടെ സ്വപ്നങ്ങൾക്കും സംസ്‌കാരങ്ങൾക്കും മനുഷ്യർക്കൊപ്പം തന്നെ മൂല്യമുണ്ടെന്ന് നാടകം പറയുന്നു.
അദ്ധ്യാപകരായ ആതിര രജേന്ദ്രൻ, പി.എസ്. അജയകുമാർ, അരുണിമ ബിജു, അനിഷ ദിവാകർ എന്നിവർ ചേർന്നാണ് നാടകം അണിയിച്ചൊരുക്കിയത്. ജി.കെ. പന്നാംകുഴിയാണ് സംവിധാനം. നാടകത്തിൽ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച പേൾ എലിസബത്ത് റോയി യു.പി വിഭാഗത്തിലെ മികച്ച നടിയായി.