അതിർത്തിയിൽ എക്സൈസ് ഓഫീസില്ല ലഹരി വസ്തുക്കളുടെ വില്പന വ്യാപകം

Thursday 20 November 2025 4:24 AM IST

വെള്ളറട: അതിർത്തിയിൽ എക്സൈസ് ഓഫീസില്ലാത്തതിനാൽ ലഹരി വസ്തുക്കളുടെ മൊത്തക്കച്ചവടങ്ങൾ പൊടിപൊടിക്കുന്നു. ലഹരി ഉത്പന്നങ്ങൾ അതീവരഹസ്യമായി ഗോഡൗണുകളിൽ സൂക്ഷിച്ചശേഷം ഇടനിലക്കാർ വഴിയാണ് ചെറുകിട കച്ചവടകാർക്ക് എത്തിച്ചുകൊടുക്കുന്നത്. ഏറ്റവും കുടതൽ കഞ്ചാവും ലഹരിയുമുള്ള പാൻ ഉത്പന്നങ്ങൾവരെ അതിർത്തിയിലെ പനച്ചമൂട് - പുലിയൂർശാല മേഖലകളിലാണ് മൊത്ത വ്യാപാരം നടക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസമുള്ള പനച്ചമൂട്ടിലെ പ്രധാന ചന്തയിൽ പുലർച്ച മുതൽ പാൻ ഉത്പന്നങ്ങൾ വ്യാപകമായി വിൽപ്പന നടത്തുന്നുണ്ട്.

കവറിനുപുറത്ത് രേഖപ്പെടുത്തിയിട്ടുള്ള പാൻ ഉത്പന്നങ്ങൾക്ക് നാലിരട്ടി വരെ ലാഭമാണ് കച്ചവടകാർക്ക് ലഭിക്കുന്നത്.

യുവാക്കളും വിദ്യാർത്ഥികളും

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ചെറുതും വലുതുമായി 30ഓളം ലഹരി കേസുകളും 200 കിലോയോളം കഞ്ചാവും മറ്റ് വീര്യം കൂടിയ ലഹരിവസ്തുക്കളും വെള്ളറട പൊലീസ് പിടികൂടിയിട്ടുണ്ട്. പിടിയിലായതിൽ കൂടുതലും യുവാക്കളാണ്. അതിൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നുണ്ട്. ആഡംബര വാഹനങ്ങളിലും മറ്റുമായാണ് വില്പനയ്ക്കായി ലഹരിയെത്തിക്കുന്നത്.

നടപടി കാര്യക്ഷമമല്ല

അതിർത്തിയിൽ കച്ചവടം വ്യാപകമായിട്ടും പൊലീസോ ആരോഗ്യവകുപ്പ് അധികൃതരോ വില്പനതടയാനോ കച്ചവടകാരെ പിടികൂടാനോ തയ്യാറാകാത്തതിനാൽ ലഹരി വസ്തുക്കളുടെ ഉപയോഗം ദിനവും വർദ്ധിക്കുകയാണ്. വില്പന നിയന്ത്രിക്കാൻ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ ഗ്രാമത്തിലെ യുവാക്കളിൽ ഏറെയും മാരകരോഗങ്ങൾക്ക് അടിമയാകും.

ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് കൂടുതൽ യുവാക്കളും വിദ്യാർത്ഥികളുമാണ്.

വെള്ളറടയിൽ എക്സൈസ്

ഓഫീസ് അനിവാര്യം

കിലോമീറ്ററുകൾക്കപ്പുറം അമരവിളയിലാണ് എക്സൈസ് ഓഫീസുള്ളത്. കേരള തമിഴ്നാട് അതിർത്തിയായ വെള്ളറട കേന്ദ്രീകരിച്ച് എക്സൈസ് ഓഫീസ് സ്ഥാപിച്ചാൽ ഒരു പരിധിവരെ ലഹരി കച്ചവടം നിയന്ത്രിക്കാൻ കഴിയും. അമരവിളയിൽ നിന്നെത്തുന്ന എക്സൈസ് അധികൃതരുടെ പരിശോധനകൾ മാത്രമാണ് നിലവിൽ നടക്കുന്നത്. പരിശോധന ദിവസങ്ങളിൽ കഞ്ചാവ് കച്ചവടക്കാർ പടിയിലാവുന്നത് പതിവാണ്.

വാഹന പരിശോധന വേണം

അതിർത്തിയിൽ വാഹന പരിശോധനകൾ കാര്യക്ഷമമായി നടക്കാത്തതാണ് തമിഴ്നാട്ടിൽ നിന്നും ലഹരിവസ്തുകൾ അതിർത്തി കടന്നെത്താൻ കാരണം. ലഹരി ഉപയോഗം തടയുന്നതിന് ഒരു പരിധിവരെ അതിർത്തിയിലെ പരിശോധനകൾ സഹായകമാണ്.

അതിർത്തി കടന്ന് ലഹരി വസ്തുക്കൾ എത്തുന്നത് തടയാൻ വെള്ളറടയിലോ പനച്ചമൂട്ടിലോ എക്സൈസ് ഓഫീസ് സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.

വെള്ളറട ആക്ഷൻ കൗൺസിൽ