അലന്റെ കൊലപാതകം: മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു; ഒളിവിലെന്ന് പൊലീസ്
ഒളിവിലുള്ളത് അഞ്ചുപേർ
തിരുവനന്തപുരം: കുട്ടികളുടെ തർക്കം പറഞ്ഞുതീർക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ സുവിശേഷക വിദ്യാർത്ഥി അലനെ (19) കുത്തിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ കന്റോൺമെന്റ് പൊലീസ് തിരിച്ചറിഞ്ഞു.
കുത്തിയത് ജഗതി സ്വദേശി ജോബി (20) ആണെന്നാണ് കണ്ടെത്തിയത്. ഒളിവിൽപോയ ഇയാളെ കണ്ടെത്താൻ നഗരത്തിലും പുറത്തും തെരച്ചിലാരംഭിച്ചു. അതേസമയം കേസിൽ പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർത്ഥിയെ അറസ്റ്റുചെയ്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി.
കുത്തിയ ജോബിക്കെതിരേ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാൾ ഉൾപ്പെടെ ആക്രമണത്തിൽ പങ്കാളികളായ അഞ്ചുപേരാണ് ഒളിവിലുള്ളത്. അതേസമയം, സ്കൂൾ കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിൽ പുറത്തുനിന്ന് ക്രിമിനലുകളെ കൊണ്ടുവന്നത് 16കാരനായ വിദ്യാർത്ഥിയാണെന്ന് പൊലീസ് പറഞ്ഞു.
രാജാജിനഗറിൽ നിന്നുള്ള മുതിർന്നവർ പ്രശ്നത്തിൽ ഇടപെട്ടതോടെ ജഗതി കോളനിയിൽ നിന്നുള്ളവരും സ്ഥലത്തെത്തി. തർക്കം പരിഹരിക്കാനെന്ന പേരിലാണ് അലനെയും തൈക്കാട്ടെത്തിച്ചത്. പ്രശ്നം പറഞ്ഞുതുടങ്ങിയതോടെ സംഘർഷമായി. ഇരുകൂട്ടരെയും മാറ്റിനിറുത്താൻ ശ്രമിച്ച അലനെ ഹെൽമറ്റുകൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം നെഞ്ചിൽ കുത്തുകയായിരുന്നു. ആയുധം വാരിയെല്ലിലൂടെ ഹൃദയത്തിൽ തറച്ചാണ് മരണമുണ്ടായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ ഇതുവരെ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്.