നിതീഷ് സർക്കാർ ഇന്ന് അധികാരമേൽക്കും

Thursday 20 November 2025 1:01 AM IST

ന്യൂഡൽഹി: ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഇന്ന് സത്യപ്രതിജഞ ചെയ്‌ത് അധികാരമേൽക്കും. മുഖ്യമന്ത്രി പദത്തിൽ നിതീഷിനിത് പത്താമൂഴം. രാവിലെ 11.30ന് പാട്‌ന ഗാന്ധി മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, എൻ.ഡി.എ മുഖ്യമന്ത്രിമാരുൾപ്പെടെ പങ്കെടുക്കും. ഇന്നലെ നിയമസഭാ സെൻട്രൽ ഹാളിൽ നടന്ന എൻ.ഡി.എ നിയമസഭാ പാർട്ടി യോഗം, യോഗം​ നേതാവായി നിതീഷിനെ തിരഞ്ഞെടുത്തു. പിന്നാലെ നിതീഷ് രാജ്‌ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചു. എൻ.ഡി.എ സഖ്യകക്ഷികളുടെ പിന്തുണാ കത്തുകളും സമർപ്പിച്ചു. 2020ൽ കൊവിഡ് നിയന്ത്രണങ്ങൾ കാരണം ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങായിരുന്നു. ഇക്കുറി വൻവിജയത്തോടെ അധികാരത്തുടർച്ച നേടിയതിനാൽ ചടങ്ങ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്.

പ്രധാന വകുപ്പുകളിൽ

ചർച്ച തുടരുന്നു

സത്യപ്രതിജ്ഞയ്‌ക്ക് ഒരുങ്ങുമ്പോഴും ഉപമുഖ്യമന്ത്രി, സ്‌പീക്കർ പദവികളെയും വകുപ്പുകളെയും സംബന്ധിച്ച് ചർച്ച തുടരുകയാണ്. ഏറ്റവും വലിയകക്ഷിയായ ബി.ജെ.പി രണ്ട് ഉപമുഖ്യമന്ത്രി, സ്‌പീക്കർ പദവികൾക്ക് പുറമെ ആഭ്യന്തരം, വിദ്യാഭ്യാസം അടക്കം പ്രധാന വകുപ്പുകളും ആവശ്യപ്പെടുന്നു. ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും ഉപമുഖ്യമന്ത്രിമാരായി തുടർന്നേക്കും.

കഴിഞ്ഞ സർക്കാരിൽ ബി.ജെ.പി വഹിച്ച സ്‌പീക്കർ സ്ഥാനത്തിന് ഇക്കുറി ജെ.ഡി.യു അവകാശവാദം ഉന്നയിക്കുന്നുണ്ട്. ബി.ജെ.പി സ്‌പീക്കർ സ്ഥാനം ഏറ്റെടുത്താൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ അനുവദിക്കാനാകില്ലെന്നും ജെ.ഡി.യു പറയുന്നു. കഴിഞ്ഞ നിയമസഭയിൽ, ബി.ജെ.പിയുടെ നന്ദ് കിഷോർ യാദവ് സ‌്‌പീക്കറും ജെ.ഡി.യുവിന്റെ നരേന്ദ്ര നാരായൺ യാദവ് ഡെപ്യൂട്ടി സ‌്പീക്കറുമായിരുന്നു. കഴിഞ്ഞ തവണ നിതീഷ് കൈവശം വച്ച ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കാനും ജെ.ഡി.യു തയ്യാറല്ല. അതേസമയം ജെ.ഡി.യു നിലവിലുള്ള മിക്ക മന്ത്രിമാരെയും നിലനിറുത്തിയേക്കും. ബി.ജെ.പിയിൽ വനിതകളടക്കം പുതുമുഖങ്ങൾക്ക് സാദ്ധ്യതയുണ്ട്. എൽ.ജെ.പിക്ക് മൂന്നും എച്ച്.എ.എം, ആർ.എൽ.എം പാർട്ടികൾക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിച്ചേക്കും.