ബീഹാറിലെ കാറ്റ് എനിക്കുമുമ്പേ തമിഴ്‌നാട്ടിൽ: മോദി
ന്യൂഡൽഹി: ബീഹാറിലെ കാറ്റ് തനിക്കുമുമ്പേ തമിഴ്‌നാട്ടിൽ എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിലെ എൻ.ഡി.എ തരംഗം മാസങ്ങൾക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലുമുണ്ടാകുമെന്ന് മോദി പറഞ്ഞു. കോയമ്പത്തൂരിൽ ദക്ഷിണേന്ത്യൻ ജൈവ കൃഷി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർ ഷാൾ വീശി അഭിവാദ്യം ചെയ്തപ്പോൾ, ഇത് ബീഹാർ വിജയാഘോഷം ഓർമ്മിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പി.എം- കിസാൻ പദ്ധിതിയിൽ ഒമ്പത് കോടി കർഷകർക്കായി 18,000 കോടി രൂപയുടെ 21-ാം ഗഡുവിന്റെ വിതരണവും നിർവഹിച്ചു. ജൈവകൃഷിയുടെ ആഗോള ഹബ്ബാവാനുള്ള പാതയിലാണ് ഇന്ത്യയെന്ന് മോദി പറഞ്ഞു. അമിതമായി രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നത് മണ്ണിന്റെ ഗുണമേന്മ കുറയ്ക്കും. വിള വൈവിദ്ധ്യവത്കരണവും ജൈവ കൃഷിയുമാണ് മണ്ണിന്റെ ഗുണമേന്മ നിലനിറുത്താനുള്ള മാർഗം. പുതിയ തലമുറ കൃഷിയെ അവസരമായി കാണുന്നുണ്ടെന്നും ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് നാച്ചുറൽ ഫാമിംഗ് സ്റ്റെയ്ക്ക്‌ഹോൾഡേഴ്‌സ് ഫോറമാണ് ജൈവ കൃഷി സമ്മേളനം സംഘടിപ്പിക്കുന്നത്. സുസ്ഥിര, പരിസ്ഥിതി സൗഹൃദ, രാസവളമുക്ത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടി നാളെ സമാപിക്കും. തമിഴ്‌നാട്, കേരളം, പുതുച്ചേരി, തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നായി 50,000ത്തിലധികം കർഷകരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.