ഏഴ് മാവോയിസ്റ്റുകളെ കൂടി വധിച്ചു
50ലേറെ പേർ അറസ്റ്റിൽ
ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് മദ്‌വി ഹിദ്മയ്ക്കു പിന്നാലെ ആന്ധ്രാപ്രദേശിൽ ഏഴ് മാവോയിസ്റ്റുകളെ കൂടി സുരക്ഷാസേന വധിച്ചു. മെരെദുമില്ലിയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിലാണിത്. സി.പി.ഐ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറിയും സർക്കാർ തലയ്ക്ക് 1.5 കോടി രൂപ വിലയിട്ട നേതാവുമായ തിപ്പിരി തിരുപ്പതി എന്ന ദേവ്ജിയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നാല് പുരുഷൻമാരുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. സ്ഥലത്തുനിന്ന് എ.കെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു.
ആന്ധ്രയിലെ മാവോയിസ്റ്റ് വിരുദ്ധ സേനയായ ഗ്രേഹൗണ്ട്‌സാണ് വനമേഖലയിൽ ഓപ്പറേഷൻ നടത്തിയത്. അഞ്ച് ജില്ലകളിൽ നടത്തിയ തെരച്ചിലിൽ സി.പി.ഐ (മാവോയിസ്റ്റ്) പ്രവർത്തകരായ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ആന്ധ്ര ഇന്റലിജൻസ് എ.ഡി.ജി.പി മഹേഷ് ചന്ദ്ര ലദ്ധ പറഞ്ഞു. ദേവ്ജി എവിടെയാണെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മേയിൽ നമ്പാല കേശവ റാവു എന്ന ബസവരാജു കൊല്ലപ്പെട്ടതിന് ശേഷമാണ് ദേവ്ജി മാവോയിസ്റ്റ് (സി.പി.ഐ) ജനറൽ സെക്രട്ടറിയായത്. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി ഒന്നാം ബറ്റാലിയൻ തലവനായിരുന്ന ഹിദ്മയെയും ഭാര്യ മദകം രാജെയും ഉൾപ്പെടെ ആറുപേരെ ചൊവ്വാഴ്ച ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഒരു വർഷത്തിനിടെ ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ബീഹാർ, ജാർഖണ്ഡ്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി 270 ലേറെ മാവോയിസ്റ്റുകളെയാണ് വധിച്ചത്. 1225 ഓളം മാവോയിസ്റ്റുകൾ കീഴടങ്ങി. നേതാക്കളടക്കം 680 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അടുത്ത മാർച്ച് 31നകം രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത ജില്ലകളുടെ എണ്ണം 18ൽ നിന്ന് 11 ആയി കുറഞ്ഞതായി കേന്ദ്രം അറിയിച്ചിരുന്നു.