രാജ്യം തേടിയ കൊടും കുറ്റവാളി, അൻമോൽ ബിഷ്‌ണോയ് എൻ.ഐ.എ കസ്റ്റഡിയിൽ

Thursday 20 November 2025 1:06 AM IST

യു.എസിൽ നിന്ന് ഡൽഹിയിലെത്തിച്ചു

ന്യൂഡൽഹി: കൊടും കുറ്റവാളി ലോറൻസ് ബിഷ്‌ണോയ് നേതൃത്വം നൽകുന്ന രാജ്യാന്തര ക്രൈം സിൻഡിക്കേറ്റിലെ റിമോട്ട് കമാൻഡർ അൻമോൽ ബിഷ്‌ണോയ് 11 ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനാണ്. ലോറൻസ് ഏറ്റെടുക്കുന്ന ക്വട്ടേഷനുകൾ വിദേശരാജ്യങ്ങളിലിരുന്ന് പ്ലാൻ തയ്യാറാക്കി നടപ്പാക്കിയിരുന്നത് അൻമോലാണ്. അതിനാൽ റിമോട്ട് കമാൻഡർ എന്ന് വിളിപ്പേര്. മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയെ വെടിവച്ചു കൊന്നതും ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയതും അടക്കം രാജ്യം തേടിയ കൊടും കുറ്റവാളിയാണ്. ഭീകരൻ ഗോൾഡി ബ്രാറുമായും ബന്ധമുണ്ടെന്ന് ഏജൻസികൾ കണ്ടെത്തിയിരുന്നു. യു.എസിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റി അയച്ച അൻമോൽ ഉൾപ്പെടെ 200 ഇന്ത്യൻ പൗരന്മാരുമായുള്ള പ്രത്യേക വിമാനം ഇന്നലെ രാവിലെ 10ന് ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. പിന്നാലെ എൻ.ഐ.എ അറസ്റ്റ് രേഖപ്പെടുത്തി. വൈകിട്ടോടെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു. സാമ്പത്തിക സ്രോതസുകൾ, രാജ്യാന്തര ശ‌ൃംഖലയുടെ പ്രവർത്തനം തുടങ്ങിയവ അന്വേഷിക്കണമെന്ന് കോടതിയെ എൻ.ഐ.എ അറിയിച്ചു.

കൈമുതലായി ഷാർപ്പ് ഷൂട്ടർമാർ

ബോളിവുഡിനെ വരെ വിറപ്പിക്കുന്ന അൻമോലിനെതിരെ മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലായി 31ൽപ്പരം ക്രിമിനൽ കേസുകളുണ്ട്. ഷാർപ്പ് ഷൂട്ടർമാരാണ് രാജ്യാന്തര ക്രൈം സിൻഡിക്കേറ്റിന്റെ ശക്തി. 2024 ഒക്ടോബർ 12ന് മുംബയിൽ മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന ബാബാ സിദ്ദിഖിയെ വെടിവച്ചു കൊന്നതിലെ പ്രധാന തലച്ചോറ് അൻമോലാണെന്നാണ് ഏജൻസികൾ പറയുന്നത്. 2024 ഏപ്രിലിൽ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് മുന്നിൽ ബൈക്കിലെത്തിയവർ വെടിവയ്‌പ്പ് നടത്തിയതിലും പങ്ക്.

മൂസെവാലയുടെ കൊലപാതകത്തിലും പങ്ക് ?

2022 മേയിൽ ഗായകൻ സിദ്ദു മൂസെവാല പഞ്ചാബിലെ മൻസയിൽ വെടിയേറ്റു കൊല്ലപ്പെട്ട് ആഴ്ചകൾക്കകമാണ് അൻമോൽ കള്ള പാസ്‌പോർട്ടിൽ രാജ്യം വിട്ടത്. പഞ്ചാബ് ഫസിൽക സ്വദേശിയാണ്. എന്നാൽ യാത്രാരേഖകളിൽ ഹരിയാന ഫരീദാബാദ് സ്വദേശി ഭാനു പ്രതാപ് എന്നാണ്. പിതാവിന്റെ യഥാർത്ഥ പേര് ലോവിന്ദർ കുമാർ. യാത്രാ രേഖകളിൽ രാകേഷ്. വ്യാജരേഖകൾ ഉപയോഗിച്ച് യു.എസിലേക്കും കാനഡയിലേക്കും നിരന്തരം യാത്ര ചെയ്‌തു. കഴിഞ്ഞവർഷം യു.എസിലെ കാലിഫോർണിയയിൽ പിടിയിലായി. അന്നുമുതൽ അവിടെ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.