തൃശൂർ പൂരത്തിന് ഗോപുരം ഒരുക്കിയ സംഘം തയ്യാറാക്കിയ ദീപാലങ്കാരം, ഉയരം 76 അടി
ചവറ: പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന് മാറ്റുകൂട്ടാൻ കൂറ്റൻ അലങ്കാര ഗോപുരം തലയുയർത്തി. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കണ്ണിന് വിസ്മയമൊരുക്കി 76 അടി ഉയരത്തിലാണ് ഈ ദീപാലങ്കാര ഗോപുരം നിർമ്മിച്ചിരിക്കുന്നത്. ജങ്കാർ കടന്ന് അക്കരെ എത്തുന്ന ഭക്തരെ വരവേൽക്കുന്നത് പ്രവേശന കവാടത്തിൽ പ്രൗഢിയോടെ നിൽക്കുന്ന ഈ ഗോപുരമാണ്.
ഒന്നേകാൽ ലക്ഷത്തോളം എൽ.ഇ.ഡി ബൾബുകൾ ഉപയോഗിച്ച് നിർമ്മിച്ച ഗോപുരത്തിൽ 80ഓളം വ്യത്യസ്ത ഡിസൈനുകൾ ഞൊടിയിടയിൽ മിന്നിമറയുന്നത് കാണാം. വർണ്ണ വിസ്മയങ്ങൾക്കൊപ്പം ദേവീദേവന്മാരുടെ രൂപങ്ങളും ഗോപുരത്തിൽ തെളിയുന്നത് ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഈറയും കവുങ്ങും ഉപയോഗിച്ചാണ് ഗോപുരത്തിന്റെ അടിസ്ഥാന നിർമ്മാണം നടത്തിയിരിക്കുന്നത്.
മലപ്പുറം ഇടപ്പാൾ നാദം ബൈജുവിന്റെ നേതൃത്വത്തിലുള്ള 18ഓളം ജീവനക്കാരാണ് ഈ നിർമ്മിതിക്ക് പിന്നിൽ. ഉത്സവത്തിന് രണ്ടാഴ്ച മുൻപേ എത്തി വൃശ്ചികം 1ന് മുൻപ് തന്നെ ഇവർ പണികൾ പൂർത്തീകരിച്ചു. തൃശൂർ പൂരത്തിന് പാറമേക്കാവ് ദേവസ്വത്തിനായി കഴിഞ്ഞ ആറ് വർഷമായി ദീപാലങ്കാരം ഒരുക്കുന്നത് നാദം ബൈജുവിന്റെ സംഘമാണ്. കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലും കഴിഞ്ഞ നാല് വർഷമായി ഇവർ തന്നെയാണ് ഈ ദീപവിസ്മയം തീർക്കുന്നത്. വൃശ്ചിക മാസത്തിലെ 12 ദിവസങ്ങളിൽ ക്ഷേത്രമുറ്റത്ത് വെളിച്ചം വിതറുന്ന ഈ അലങ്കാര ഗോപുരത്തിന് 4 ലക്ഷത്തോളം രൂപയാണ് വാടക കണക്കാക്കുന്നത്.