മദീന ബസ് ദുരന്തം: ഉന്നതതല സംഘം ഇന്ന് സൗദിയിൽ
ന്യൂഡൽഹി: മദീനയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് തീ പിടിച്ച് 45 ഇന്ത്യൻ തീർത്ഥാടകർ മരിച്ച സംഭവത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സഹായം എത്തിക്കുന്നതിനുമായി കേന്ദ്ര ഉന്നതതല പ്രതിനിധി സംഘം ഇന്ന് സൗദി അറേബ്യയിലെത്തും. സൗദി ഹജ്ജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും ദുരുതാശ്വാസവും ഉറപ്പാക്കുകയാണ് പ്രതിനിധി സംഘത്തിന്റെ ദൗത്യമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആന്ധ്രപ്രദേശ് ഗവർണ്ണർ ജസ്റ്റിസ് എസ്. അബ്ദുൾ നസീറാണ് സംഘത്തവൻ. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുൺ കുമാർ ചാറ്റർജിയും മറ്റു ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. മരിച്ചവരുടെ അന്ത്യകർമ്മങ്ങളിലും സംഘം പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 11 മണിയോടെയാണ് മദീനയ്ക്ക് സമീപം അപകടമുണ്ടായത്. ഹൈദരാബാദിൽ നിന്നുള്ള 46 തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ബസ് പൂർണ്ണമായി കത്തി 45 പേരും മരിച്ചു. മുഹമ്മദ് അബ്ദുൾ ഷൊയബ് എന്നയാൾ മാത്രമാണ് രക്ഷപ്പെട്ടത്.