ഐ.ഇ.ഡി പൂർണരൂപത്തിലാക്കിയത് പാർക്കിംഗ് മേഖലയിൽ
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ ഏജൻസികൾ. ചെങ്കോട്ടയ്‌ക്കു സമീപത്തെ പാർക്കിംഗ് മേഖലയിലാണ്, സ്‌ഫോടനത്തിന് ഉപയോഗിച്ച ഐ.ഇ.ഡി പൂർണരൂപത്തിലാക്കിയതെന്ന് ഏജൻസികൾക്ക് തെളിവ് ലഭിച്ചു. ഡോ. ഉമർ നബി ഇവിടെ ഹ്യൂണ്ടായ് ഐ20 കാർ പാർക്കുചെയ്‌ത ശേഷം ബോംബിന്റെ ഘടകങ്ങൾ കൂട്ടിച്ചേർത്തു. കാർ പാർക്കുചെയ്‌ത ശേഷം ഉമർ മൂന്നു മണിക്കൂറോളം പുറത്തിറങ്ങാതെ കാത്തു കിടന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു. ഈസമയം ഉമർ എന്തു ചെയ്യുകയായിരുന്നുവെന്ന അന്വേഷണത്തിലാണ് സുപ്രധാന സൂചനകൾ ലഭിച്ചത്. അവസാന മണിക്കൂറുകളിൽ ഉമറിനെ ആരെങ്കിലും വിളിച്ചോ, തിരക്ക് വർദ്ധിക്കും വരെ കാത്തിരിക്കുകയായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
അൽ ഫലാ ചെയർമാൻ ഇ.ഡി കസ്റ്റഡിയിൽ
ഭീകരബന്ധത്തിൽ സംശയനിഴലിലായ ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റിയുടെ ചെയർമാൻ ജാവദ് അഹമ്മദ് സിദ്ദിഖിയെ ഡൽഹിയിലെ പ്രത്യേക കോടതി 13 ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. കള്ളപ്പണക്കേസിൽ അറസ്റ്റിലായ ജാവദിനെ ഇന്നലെ റൗസ് അവന്യു കോടതിയിൽ ഹാജരാക്കിയപ്പോൾ കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു. കള്ളപ്പണ ഇടപാടു കേസിലാണ് അറസ്റ്റിലായത്. നാക്, യു.ജി.സി അംഗീകാരമുണ്ടെന്ന് പറഞ്ഞ് മെഡിക്കൽ വിദ്യാർത്ഥികൾ അടക്കമുള്ളവരിൽ നിന്ന് 415 കോടിയിൽപ്പരം രൂപ ഫീസിനത്തിൽ തട്ടിയെടുത്തെന്നാണ് ആരോപണം. അതേസമയം, ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യൂണിവേഴ്സിറ്റിയിലെ 10ൽപ്പരം വിദ്യാർത്ഥികളുടെ മൊബൈൽ ഫോണുകൾ ഏജൻസികൾ പിടിച്ചെടുത്തു. അനുമതിയില്ലാതെ ക്യാമ്പസ് വിടരുതെന്ന് നിർദ്ദേശം നൽകി. ഇതിനിടെ, യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി അഹമ്മദ് റാസയെ ഉത്തർപ്രദേശിലെ ദിയോബന്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പാകിസ്ഥാൻ, ചൈന, ബംഗ്ലാദേശ്, യു.എ.ഇ എന്നിവിടങ്ങളിൽ നിന്ന് മെഡിക്കൽ ബിരുദമെടുത്തവരുടെ വിവരങ്ങളും ശേഖരിക്കുന്നു.
ജമ്മു കാശ്‌മീരിൽ ജാഗ്രത
പാക് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് സ്‌ഫോടനങ്ങൾ നടത്തുമെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്ന് ജമ്മു കാശ്‌മീരിൽ കനത്ത ജാഗ്രത. അതിർത്തി ചെക്ക് പോസ്റ്റുകളിലും, ജനവാസ കേന്ദ്രങ്ങളിലും അടക്കം സുരക്ഷ വർദ്ധിപ്പിച്ചു. ഇന്ത്യയിൽ കൂടുതൽ സ്‌ഫോടനങ്ങൾ നടത്താൻ ജെയ്‌ഷെ പ്രത്യേക ഫണ്ട് ശേഖരണം തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. എൻ.ഐ.എ അറസ്റ്റ് ചെയ്‌ത ജമ്മു കാശ്‌മീർ അനന്തനാഗ് സ്വദേശി ഡാനിഷ് എന്ന ജസീർ ബിലാൽ വാനിയുടെ പിതാവ് ബിലാൽ അഹമ്മദ് വാനി സ്വയം തീക്കൊളുത്തി മരിച്ചു. ഉമർ നബിയുടെ സഹായിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡാനിഷിനെ അറസ്റ്റ് ചെയ്‌തത്.
സ്ഫോടനത്തിന് പിന്നിൽ തങ്ങളെന്ന് പാക് നേതാവ്
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് അവകാശവാദവുമായി പാക് നേതാവ് രംഗത്ത്. ' നിങ്ങൾ (ഇന്ത്യ) ബലൂചിസ്ഥാനിൽ ചോര വീഴ്ത്തുന്നത് തുടർന്നാൽ, ഇന്ത്യയിലെ ചെങ്കോട്ട മുതൽ കാശ്മീർ വരെ ആക്രമിക്കുമെന്ന് ഞങ്ങൾ മുമ്പ് പറഞ്ഞിരുന്നു. ഞങ്ങൾ അത് ചെയ്തു. ധൈര്യശാലികളായ ഞങ്ങളുടെ ആളുകൾ അത് ചെയ്തു " പാക് അധിനിവേശ കാശ്മീരിലെ നേതാവായ ചൗധരി അൻവറുൾ ഹഖ് പറഞ്ഞു. ഇയാൾ നിയമസഭയിൽ വിവാദ പ്രസ്താവന നടത്തുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിമത ഗ്രൂപ്പുകളെ ഇന്ത്യ സഹായിക്കുന്നെന്നാണ് പാകിസ്ഥാന്റെ ആരോപണം. അതേ സമയം, പാക് സർക്കാർ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇതിനിടെ, ഇന്ത്യയുമായി തുറന്ന യുദ്ധത്തിനുള്ള സാദ്ധ്യത തള്ളാനാവില്ലെന്ന് പാക് പ്രതിരോധ മന്ത്റി ഖ്വാജ ആസിഫ് പറഞ്ഞു. രാജ്യം പൂർണ ജാഗ്രതയിലാണെന്നും ഇയാൾ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ 88 മണിക്കൂർ നീണ്ട ഒരു ട്രെയിലർ മാത്രമാണെന്ന കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആസിഫിന്റെ പരാമർശം.