13 മക്കളായപ്പോൾ 62 കാരിയോട് പ്രസവം നിർത്താൻ ആവശ്യപ്പെട്ട് ഭർത്താവ്; പിന്നീട് രഹസ്യമായി ജന്മം നൽകിയത് ഇരട്ടകുട്ടികൾക്ക്
ന്യൂയോർക്ക്: സംരക്ഷണകേന്ദ്രത്തിലുള്ള തന്റെ കുട്ടികളെ വിട്ടുകിട്ടുന്നതിന് വേണ്ടി നിയമ പോരാട്ടം നടത്തി 68കാരി. 2023ൽ ജനിച്ച 13-ാമെത്തെയും 14-ാമത്തെയും കുട്ടികൾക്ക് വേണ്ടിയാണ് ന്യൂയോർക്ക് സ്വദേശി മേരിബെത്ത് ലൂയിസ് എന്ന സ്ത്രീ നിയമപോരാട്ടം നടത്തുന്നത്. 62-ാമത്തെ വയസിലാണ് 13- ാമത്തെ കുട്ടിക്ക് മേരിബെത്ത് ജന്മം നൽകിയത്. തുടർന്ന് ഇനി കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ ഭർത്താവ് ബോബ് എത്തിയിരുന്നു. അതിനാൽ ഭർത്താവ് അറിയാതെ അയാളുടെ വ്യാജ ഒപ്പ് ഉപയോഗിച്ച് വാടക ഗർഭധാരണത്തിലൂടെയാണ് ഇവർ കുട്ടികളെ സ്വന്തമാക്കിയത്. ഇതറിഞ്ഞ ഭർത്താവ് പരാതി
നൽകിയതോടെയാണ് കുട്ടികളെ ഇവർക്ക് വിട്ടുനൽകാതെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്.
2010 ലാണ് മേരിബെത്ത് എട്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. അന്ന് തന്നെ അത് വലിയ വാർത്തയായിരുന്നു. 2012 ൽ മേരിബെത്ത് രണ്ട് ഇരട്ട ആൺകുട്ടികൾക്ക് ജന്മം നൽകി. 2012ൽ 59-ാമത്തെ വയസിൽ വീണ്ടും ഇരട്ട കുട്ടികൾക്ക് ജന്മം നൽകി. പിന്നീട് 62-ാമത്തെ വയസിൽ ഒരു കുഞ്ഞ് കൂടി ജനിച്ചതോടെ കുട്ടികളുടെ എണ്ണം 13 ആയി.
ആദ്യത്തെ അഞ്ച് കുട്ടികളുടെയും ജനനം സ്വാഭാവിക ഗർഭധാരണത്തിലൂടെയായിരുന്നു. പിന്നീടുണ്ടായ കുട്ടികളെ ഗർഭം ധരിക്കുന്നതിനായി ഇൻവിട്രോ ഫെർടിലൈസേഷൻ എന്ന മാർഗമാണ് മേരിബെത്ത് ഉപയോഗിച്ചത്. ശരീരത്തിന് പുറത്ത് വച്ച് സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും സംയോജിപ്പിച്ച് ഭ്രൂണത്തിന് രൂപം നൽകിയ ശേഷം അത് ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന രീതിയാണ് ഇൻവിട്രോ ഫെർട്ടിലൈസേഷൻ അഥവാ ടെസ്‌റ്റ്യൂബ് ശിശു. ഇതുവരെയുള്ള ഗർഭധാരണങ്ങൾ ഭർത്താവിന്റെ അറിവോടെയായിരുന്നെങ്കിലും 14-ാമത്തെയും 15-ാമത്തെയും കുട്ടികൾക്കായി വാടകഗർഭധാരണത്തെ ആശ്രയിച്ചത് അയാൾ അറിഞ്ഞിരുന്നില്ല.
ദമ്പതികളിൽ ഇരുവരുടെയും സമ്മതം ഉണ്ടെങ്കിൽ മാത്രമെ വാടക ഗർഭധാരണം നൽകാൻ കഴിയൂ. എന്നാൽ, 2023ൽ നടന്ന വാടകഗർഭധാരണത്തിന്റെ നടപടിക്രമങ്ങളിൽ ഭർത്താവും പങ്കാളിയാണെന്ന് മേരിബെത്ത് ക്ലിനിക്കിനെ തെറ്റിധരിപ്പിക്കുകയായിരുന്നു. അതുമായി ബന്ധപ്പെട്ട കരാറിൽ ഭർത്താവിന്റെ വ്യാജ ഒപ്പ് സ്വയം ഇട്ടു. ഇത് കണ്ടെത്തിയ ഭർത്താവ് നടപടി നിയമലംഘനമാണെന്ന് കാണിച്ച് കോടതിയിൽ പരാതി സമർപ്പിച്ചു. പിന്നീട് ഭർത്താവിന്റെ മനസുമാറി കുട്ടികളെ സ്വീകരിക്കാൻ തയ്യാറായി. ഇരുവരും കുട്ടികളുടെ നിയമപരമായ മാതാപിതാക്കളാണെന്ന് കോടതി വിധിക്കുകയും ചെയ്‌തു. എന്നാൽ, നിലവിൽ അവരെ പരിപാലിക്കുന്നവർ അതിനെതിരെ അപ്പീൽ നൽകിയതോടെയാണ് കുട്ടികളെ വിട്ടുകിട്ടുന്നതിനുള്ള നിയമ പോരാട്ടം വീണ്ടും തുടങ്ങിയത്.