ചാവിയോ പഴ്സോ കളഞ്ഞുപോയോ? വിഷമിക്കേണ്ട, നഷ്ടപ്പെട്ടതെന്തും കണ്ടെത്തും ഈ മൊബൈൽ ആപ്പ്

Thursday 20 November 2025 10:41 AM IST

റോഡ് ബ്ളോക്കാക്കി പാർക്കുചെയ്ത വാഹനത്തിന്റെ ഉടമയെ കണ്ടെത്താം. വാഹനത്തിന്റെ ചാവി ഉൾപ്പെടെ നഷ്ടപ്പെട്ടതെന്തും കണ്ടെത്താനും സഹായിക്കുന്ന മൊബൈൽ ആപ്പ്. മലപ്പുറം ഇടപ്പാൾ സ്വദേശി ദിലീപാണ് 'വെക്സോലിക്സ്' എന്ന സ്റ്റാർട്ടപ്പിലൂടെ റിംഗ്‌മീ എ.ഐ ആപ്പും ക്യൂആറും വികസിപ്പിച്ചത്. സ്വന്തം മറവിശീലം മറികടക്കാൻ തലയിലുദിച്ച ഉപായമാണ്. ആപ്പ് ഇതിനോടകം 700ഓളം പേർ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു.

റിംഗ്‌മീ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാം. ഇതിൽ ഫോൺനമ്പർ നൽകി അക്കൗണ്ട് സൃഷ്ടിക്കണം. ഇതിലുള്ള ക്യൂആർ ഡൗൺലോഡ് ചെയ്ത് വാഹനത്തിലും ചാവിയിലുമൊക്കെ ഒട്ടിക്കാം. പൊതുനിരത്തിൽ മാർഗതടസമായി വാഹനം കിടക്കുമ്പോൾ ആർക്കുവേണമെങ്കിലും ക്യൂആർ സ്കാൻ ചെയ്ത് ഉടമയെ വിളിച്ചുപറയാം. ക്യൂആർ ഉടമയുടെ ഫോൺ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വിളിക്കുന്ന ആൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നില്ല.

ചാവിയോ പഴ്സോ നഷ്ടപ്പെട്ടാൽ അത് ലഭിക്കുന്നയാൾക്ക് ക്യൂആർ സ്കാൻ ചെയ്ത് ഉടമയുടെ മൊബൈലിൽ ബന്ധപ്പെടാം. വളർത്തുമൃഗങ്ങളുടെ കോളറിലും ക്യൂആർ ഒട്ടിക്കാം. ഫോൺ നമ്പർ പങ്കിടേണ്ട കാര്യമില്ലാത്തതിനാൽ സ്വകാര്യതയും സംരക്ഷിക്കപ്പെടും. ഭാവിയിൽ നിർമ്മിത ബുദ്ധിയുടെ സേവനങ്ങളും ഉൾപ്പെടുത്തും. ഒറ്റ കാര്യമേ ശ്രദ്ധിക്കാനുള്ളൂ- മൊബൈൽ ഒഴികെയുള്ള വസ്തുക്കളുടെ കാര്യത്തിലേ ഈ സൗകര്യം ഉപയോഗിക്കാനാവൂ.

വീഡിയോ കാളും

ക്യൂആറിലൂടെ ആപ്പിലേക്ക് വോയ്സ് കാളും വീഡിയോ കാളുമാകാം. ആപ്പ് സൗജന്യമായി ഉപയോഗിക്കാം. രണ്ടുവർഷം മുൻപ് ലോഞ്ച് ചെയ്ത സ്റ്റാർട്ടപ്പ് ആറുമാസം മുൻപാണ് ആപ്പ് ലോഞ്ച് ചെയ്തത്. ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പ് കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. മെക്കാനിക്കൽ എൻജിനിയറായ ദിലീപ് പന്ത്രണ്ടുവർഷമായി ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്നു. ആമസോൺ ഏറ്റെടുത്ത വാട്ട് എ സെയിൽ എന്ന ഓട്ടോണമസ് സ്റ്റോറിന്റെ സി.ഇ.ഒ സുഭാഷ് ശശിധരക്കുറുപ്പാണ് സീഡ് ഫണ്ട് നൽകിയത്.