വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ട്രെയിനിൽ നിന്ന് ചവിട്ടിത്തെറിപ്പിച്ചു; അമ്മാവൻ അറസ്റ്റിൽ

Thursday 20 November 2025 11:17 AM IST

മുംബയ്: അമ്മാവനെ വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിച്ച 16കാരിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. മുംബയ് സ്വദേശി കോമൾ സോനാർ (16) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അമ്മാവനും സെക്യൂരിറ്റി ജീവനക്കാരനായ അർജുൻ സോണി (28) ആണ് ക്രൂര കൊലപാതകം നടത്തിയത്.

പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ കുറച്ച് മാസങ്ങളായി കോമളും അമ്മാവനായ അർജുനുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. അമ്മാവനെ വിവാഹം കഴിക്കാനായി ശനിയാഴ്ചയാണ് കോമൾ ഒളിച്ചോടി വസായിലെ അയാളുടെ താമസസ്ഥലത്ത് എത്തിയത്. പെൺകുട്ടിയുടെ അമ്മ മകളെ കാണാതായതോടെ പൊലീസിൽ പരാതി നൽകി.

തിങ്കളാഴ്ച അർജുൻ സോണിയും കോമളും ഭയന്ദറിൽ നിന്ന് നാള സോപാറ എന്ന സ്ഥലത്തേക്ക് ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. ഉടനെ വിവാഹം കഴിക്കണമെന്ന് പെൺകുട്ടി സമ്മർദ്ദം ചെലുത്തിയതോടെ കലീപൂണ്ട അമ്മാവൻ സോനാറിനെ പുറത്തേക്ക് ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കോമൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ട്രെയിനിലെ മറ്റൊരു യാത്രക്കാരനായ നന്ദു ഝാ സംഭവം നേരിൽ കണ്ടു. അമ്മാവനാണ് പെൺകുട്ടിയെ തള്ളിയിട്ടതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ട്രെയിനിലുണ്ടായിരുന്ന മറ്റ് .യാത്രക്കാർ ചേർന്ന് അർജുൻ സോണിയെ പിടികൂടി വസായ് റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.