പാലിലൂടെ പേവിഷബാധയേൽക്കുമോ? വർഷങ്ങളായുളള സംശയത്തിന് വിരാമം, മുന്നറിയിപ്പ്
അടുത്തിടെ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പേവിഷ ബാധയേറ്റ് വളർത്തുപശു ചത്തത് ഗ്രാമവാസികൾക്കിടയിൽ കടുത്ത ആശങ്കയുണ്ടാക്കിയിരുന്നു. ചത്ത പശുവിന്റെ പാൽ മതപരമായ ചടങ്ങിന് പഞ്ചാമൃതം തയ്യാറാക്കാൻ ഉപയോഗിച്ചതാണ് ആശങ്കയ്ക്ക് കാരണമായത്. ഗ്രാമത്തിലെ 200 ഓളം ആളുകൾ പഞ്ചാമൃതം കഴിച്ചതായാണ് റിപ്പോർട്ട്. ഇതോടെ ഗ്രാമത്തിലുളളവരോട് അടിയന്തരമായി റാബിസ് വാക്സിനെടുക്കാൻ ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുകയും ചെയ്തു. മൂന്ന് മാസം മുൻപാണ് ചത്ത പശുവിന് തെരുവുനായയുടെ കടിയേറ്റത്.
റിപ്പോർട്ടുകളനുസരിച്ച് ഗോരഖ്‌പൂരിലെ 170ൽ അധികം ഗ്രാമവാസികൾ റാബിസ് പോസ്റ്റ് എക്സ്‌പോഷർ പ്രോഫിലാക്സിസ് (പിഇപി) വാക്സിന്റെ ആദ്യ ഡോസ് എടുത്തു. കഴിഞ്ഞ മാർച്ചിൽ ഗ്രേറ്റർ നോയിഡയിൽ ഒരു സ്ത്രീ പേവിഷബാധയേറ്റ പശുവിന്റെ പാല് കുടിച്ചതിനെ തുടർന്ന് റാബിസ് ബാധിച്ച് മരിച്ചതോടെയാണ് ഈ സംഭവവും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. എന്നാൽ സ്ത്രീ മരിച്ചത് പേവിഷബാധയേറ്റ പശുവിന്റെ പാല് കുടിച്ചിട്ടാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പേവിഷബാധയേറ്റ പശുക്കളുടെ പാൽ കുടിച്ചാൽ അണുബാധയുണ്ടാകുമോ? യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ (സിഡിസി) ഔദ്യോഗിക വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പരാമർശിക്കുന്നുണ്ട്. 1996,1998 എന്നീ വർഷങ്ങളിൽ അമേരിക്കയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ പേവിഷബാധയേറ്റ പശുക്കളുടെ പാല് ഒരുകൂട്ടം ആളുകൾ കുടിച്ചിരുന്നു. 1996ൽ 66 പേർ പാസ്ചറൈസ് ചെയ്യാത്ത പാൽ കുടിച്ചു. അതുപോലെ 1998ൽ 14 പേരും ഇതേ പ്രവൃത്തി തുടർന്നു. ആ കാലഘട്ടത്തിൽ തന്നെ സിഡിസിയുടെ റിപ്പോർട്ടനുസരിച്ച് ആ പ്രദേശങ്ങളിലെ 150ൽ അധികം കന്നുകാലികൾക്കും പേവിഷബാധയേറ്റിരുന്നു.
ഈ രണ്ട് സാഹചര്യങ്ങളിലും പശുക്കളിൽ നിന്നുള്ള പാലും സസ്തനഗ്രന്ഥങ്ങളും (മാമറി ടിഷ്യു) പരിശോധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം പാസ്ചറൈസ്ചെയ്യാത്ത പാലിലൂടെ റാബിസ് വൈറസ് പടരാൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൃത്യമായി പാസ്ചറൈസ് ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്റേണൽ മെഡിസിൻ സ്പെഷിലിസ്റ്റായ ഡോ. അനുജ് തിവാരിയും ഇതേകാര്യം തന്നെയാണ് ഒരു ദേശീയ മാദ്ധ്യമത്തോട് അടുത്തിടെ പറഞ്ഞത്. പാല് കൃത്യമായി പാസ്ചറൈസ് ചെയ്താൽ റാബിസ് വൈറസ് ബാധയുണ്ടാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
1999ലെ സിഡിസി റിപ്പോർട്ട് അനുസരിച്ച് പാസ്ചറൈസ് ചെയ്യാത്ത പാല് കുടിച്ച് റാബിസ് വൈറസ് ബാധയുണ്ടായതുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കേന്ദ്രസർക്കാരിന്റെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ (എൻസിഡിസി) വെബ്സൈറ്റിലും റാബിസ് അണുബാധയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ട്.പാലോ പാലുൽപ്പനങ്ങളോ കഴിച്ച് ഇതുവരെ ആർക്കും റാബിസ് അണുബാധ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിലുളളത്. അതിനാൽത്തന്നെ പേവിഷബാധയേറ്റ പശുക്കളിൽ നിന്നു ലഭിച്ച പാൽ കുടിച്ചതിന് വാക്സിൻ എടുക്കേണ്ട ആവശ്യകതയില്ല. പേവിഷബാധയേറ്റ പശുക്കളുടെ പാല് കുടിക്കുന്നതിലൂടെ റാബിസ് അണുബാധയുണ്ടാകില്ലെങ്കിലും മുൻകരുതലെന്ന നിലയിൽ വാക്സിനെടുക്കാനും ഡോക്ടറെ കാണാനും നിർദ്ദേശിച്ചിട്ടുണ്ട്.
എന്താണ് പാസ്ചറൈസേഷൻ
ഒരു പ്രത്യേക താപനിലയിൽ ഭക്ഷണം ചൂടാക്കി, അതിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്ന ഒരു പ്രക്രിയയാണ് പാസ്ചറൈസേഷൻ. ഇത് പ്രധാനമായും പാൽ, ജ്യൂസ് തുടങ്ങിയ ദ്രാവക ഭക്ഷണപാനീയങ്ങൾ കേടാകാതെ സൂക്ഷിക്കാനും സുരക്ഷിതമാക്കാനും വേണ്ടിയാണ് ചെയ്യുന്നത്. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചറാണ് ഈ പ്രക്രിയ കണ്ടെത്തിയത്, അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായാണ് ഈ പേര് നൽകിയിരിക്കുന്നത്.
ഒരു നിശ്ചിത താപനിലയിൽ (ഉദാഹരണത്തിന്, 72 ഡിഗ്രി സെൽഷ്യസിൽ 15 സെക്കന്റ്) ഭക്ഷണം ചൂടാക്കി പെട്ടെന്ന് തണുപ്പിക്കുകയാണ് ഈ രീതി. ഇത് ഭക്ഷണത്തിലെ രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു. തുടക്കത്തിൽ വൈൻ, ബിയർ തുടങ്ങിയ ലഹരിപാനീയങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനാണ് ഈ രീതി ഉപയോഗിച്ചിരുന്നത്.