സർക്കാർ ജോലി ആഗ്രഹിച്ചവർക്ക് സുവർണാവസരം; വൻ ശമ്പളം, ആയിരക്കണക്കിന് ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ

Thursday 20 November 2025 11:25 AM IST

ജൂനിയർ എഞ്ചിനീയർ തസ്‌തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്. ഒഴിവുകളുടെ എണ്ണവും വർദ്ധിപ്പിച്ചു. അപേക്ഷകൾ അയക്കുന്നവരുടെ എണ്ണം വർദ്ധിച്ചതും സാങ്കേതിക പ്രശ്‌നങ്ങളും കാരണമാണ് ആർആർബി ആദ്യം നിശ്ചയിച്ചിരുന്ന തീയതി നീട്ടിയത്. 2025 ഡിസംബർ പത്താണ് പുതുക്കിയ തീയതി. ഡിസംബർ 12 വരെ അപേക്ഷാ ഫീസ് അടയ്‌ക്കാം. ഇത് അപേക്ഷകർക്ക് കൂടുതൽ ഉപകാരപ്രദമാകും.

ആർആർബി ജമ്മു - ശ്രീനഗറിന് കീഴിലുള്ള കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്‌ടറി, ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്‌ടറി എന്നിവിടങ്ങളിലാണ് കൂടുതൽ ഒഴിവുകൾ വന്നിട്ടുള്ളത്. നേരത്തേ 2569 ഒഴിവുകളായിരുന്നു. ഇപ്പോൾ 2588 ഒഴിവുകളാണുള്ളത്. നവംബർ 25 മുതൽ ഡിസംബർ പത്തുവരെ അപേക്ഷകളിൽ തിരുത്തൽ വരുത്താം. ഡിസംബ‌ർ 13 മുതൽ 22 വരെ ഫീസടച്ച് തിരുത്തൽ വരുത്താം. സ്‌ക്രൈബ് ഉള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 23നും 27നും ഇടയിൽ അവരുടെ സ്‌ക്രൈബ് വിശദാംശങ്ങൾ ആർബിഐ പോർട്ടൽ വഴി സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കാൻ ഉദ്യോഗാർത്ഥികൾ ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.