അദ്ധ്യാപകരുടെ മാനസിക പീഡനത്തിൽ മനംനൊന്ത് പത്താം ക്ളാസുകാരൻ ജീവനൊടുക്കി, അവയവങ്ങൾ ദാനം ചെയ്യണമെന്ന് കുറിപ്പ്

Thursday 20 November 2025 11:26 AM IST

ന്യൂഡൽഹി: പ്രമുഖ സ്‌‌കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥി മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കി. ഡൽഹിയിലാണ് സംഭവം. അദ്ധ്യാപകരുടെ പീഡനമാണ് മരണത്തിലേയ്ക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയുള്ള കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് ബാഗിൽ നിന്ന് കണ്ടെത്തി. തുടർന്ന് മകനെ മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 16കാരന്റെ പിതാവ് സ്‌കൂൾ പ്രിൻസിപ്പലിനെതിരെയും മൂന്ന് അദ്ധ്യാപകർക്കെതിരെയും പൊലീസിൽ പരാതി നൽകി.

'സോറി മമ്മി, ഞാൻ അനേകം തവണ നിങ്ങളുടെ ഹൃദയം വേദനിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അവസാനമായി ചെയ്യുകയാണ്. സ്‌കൂളിലെ അദ്ധ്യാപകർ ഇങ്ങനെയാണെങ്കിൽ എന്താ പറയാൻ കഴിയുക? എന്റെ അവയങ്ങൾ പ്രവർത്തനക്ഷമമാണെങ്കിൽ അത് ആവശ്യമുള്ളവർക്ക് നൽകണം'- എന്നാണ് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. കത്ത് ലഭിക്കുന്നയാൾ അതിലുള്ള ഫോൺ നമ്പറിൽ വിളിച്ച് താൻ ചെയ്തതിന് മാപ്പ് പറഞ്ഞതായി അറിയിക്കണമെന്നും കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്. പ്രിൻസിപ്പലിനും അദ്ധ്യാപകർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും കുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ പിതാവിനോടും സഹോദരനോടും മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്‌ച രാവിലെ 7.15ന് മകൻ സ്‌കൂളിലേയ്ക്ക് പോയെന്നും 2.45ഓടെ സെൻട്രൽ ഡൽഹിയിലെ രാജേന്ദ്ര പ്ളേസ് മെട്രോ സ്റ്റേഷനിൽ കുട്ടി പരിക്കേറ്റ് കിടക്കുന്നതായി കോൾ വന്നുവെന്നുമാണ് പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പറയുന്നത്. ഫോൺ വിളിച്ചയാളോട് കുട്ടിയെ ബിഎൽ കപൂ‌ർ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് കുടുംബം ആശുപത്രിയിൽ എത്തിയപ്പോൾ കുട്ടി മരിച്ചതായാണ് അറിഞ്ഞതെന്നും എഫ് ഐ ആറിൽ പറയുന്നു. അദ്ധ്യാപകർക്കെതിരെ സ്‌കൂളിൽ പരാതി നൽകിയിരുവെന്നും എന്നാലതിൽ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പിതാവ് ആരോപിച്ചു.