വിനാഗിരിയും വീട്ടിലുണ്ടോ? എങ്കിൽ ചിലന്തി ആ പരിസരത്ത് വരില്ല

Thursday 20 November 2025 12:14 PM IST

വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് ശാരീരികമായ ആരോഗ്യത്തിന് മാത്രമല്ല, മാനസികമായ ആരോഗ്യത്തിനും വളരെ ഗുണം ചെയ്യും. എല്ലാ ദിവസവും വീട്ടിലെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കാൻ നമുക്ക് കഴിയണമെന്നില്ല. അങ്ങനെയാകുമ്പോൾ ആ ഭാഗങ്ങളിൽ വളരെ പെട്ടെന്ന് ചിലന്തിവല മൂടുന്നു. എന്നാൽ ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാൻ നമുക്ക് മുന്നിൽ നിരവധി മാർഗങ്ങളുണ്ട്.

വിനാഗിരി സ്‌പ്രേ

വിനാഗിരിയും വെള്ളവും ഒരേ അനുപാതത്തിൽ കലർത്തിയുള്ള മിശ്രിതം ചിലന്തികളെ പ്രതിരോധിക്കുന്നതിന് ഏറ്റവും എളുപ്പമുള്ള മാർഗമാണ്. ജനൽപ്പടികളിലും, വീടിന്റെ മൂലകളിലും, ചിലന്തി വല കെട്ടാൻ സാദ്ധ്യതയുള്ള മറ്റ‌ിടങ്ങളിലും ഈ ലായനി തളിക്കുന്നത് ഗുണം ചെയ്യും. വിനാഗിരിയിലെ അസറ്റിക് ആസിഡ് ചിലന്തികളെ പ്രതിരോധിക്കുന്നു.

പ്രകൃതിദത്ത എണ്ണകൾ

പെപ്പർമിന്റ്, ലാവൻഡെർ, ടീ സീഡ് എന്നിവയുടെ എണ്ണ വെള്ളത്തിൽ കലർത്തി ഫർണിച്ചറുകൾക്കിടയിലും വീടിന്റെ കോണുകളിലും തളിക്കുക. ഇത് ചിലന്തികൾ വല കെട്ടുന്നത് തടയും.

ചെറുപ്രാണികളെ തുരത്തുക

വീടിനുള്ളിൽ മറ്റ് പ്രാണികളുടെ സാമിപ്യം കൂടുമ്പോഴാണ് അവയെ കഴിക്കാനെത്തുന്ന ചിലന്തികളുടെ എണ്ണവും കൂടുന്നത്. അതിനാൽ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണ സാധനകൾ തുറന്ന് വയ്‌ക്കാതിരിക്കുക. നനഞ്ഞ തുണികളും മറ്റും വീട്ടിനുള്ളിൽ കൂട്ടിയിടുന്നതും പ്രാണികളെ ആകർഷിക്കും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.

ചെടികൾ വെച്ച് പിടിപ്പിക്കാം

ലാവെൻഡർ, പുതിന, റോസ്മേരി തുടങ്ങിയ ചെടികളിലെ ശക്തമായ ഗന്ധം ചിലന്തികൾക്ക് അനുകൂലമല്ല. അതിനാൽ ചിലന്തികളെ അകറ്റി നിർത്തുന്നതിനായി ജനാലകൾ, ബാൽക്കണി, വാതിലുകൾ എന്നിങ്ങനെ ചിലന്തികൾ വീടിനുള്ളിലേക്ക് പ്രവേശിക്കാൻ സാദ്ധ്യതയുള്ളയിടങ്ങളിൽ ഈ ചെടികൾ വെച്ച് പിടിപ്പിക്കുന്നത് നന്നായിരിക്കും.