'തനിക്ക് രഹസ്യബന്ധത്തിൽ ഒരു മകനുണ്ടെന്ന് ജയൻ പറഞ്ഞിരുന്നു'; വെളിപ്പെടുത്തലിനെക്കുറിച്ച് സംവിധായകൻ

Thursday 20 November 2025 12:45 PM IST

ഒരുകാലത്ത് ആക്ഷൻരംഗങ്ങളിലൂടെ മലയാള സിനിമാപ്രേമികളുടെ മനംകവർന്നയാളാണ് അന്തരിച്ച നടൻ ജയൻ. കഴിഞ്ഞ നവംബർ 16ന് ജയൻ മരിച്ചിട്ട് 46 വർഷം തികഞ്ഞിരുന്നു. അപ്പോഴും സോഷ്യൽ മീഡിയയിൽ ഉയർന്നു കേട്ടൊരു പേരാണ് മുരളി ജയൻ. താൻ ജയന്റെ മകനാണെന്ന അവകാശവാദവുമായി വർഷങ്ങളായി പോരാടുന്നയാളാണ് മുരളി ജയൻ. ഇതുമായി ബന്ധപ്പെട്ട് ജയന്റെ ആരാധകർ പലതരത്തിലാണ് പ്രതികരിക്കുന്നത്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് മുരളി ജയന്റെ ആരോപണങ്ങളെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്.

'ജയന്റെ മകനാണെന്ന അവകാശവാദവുമായി മുരളി ജയനെന്ന യുവാവ് സമൂഹത്തിന് മുന്നിലെത്തിയിട്ട് വർഷങ്ങളേറെയായി. അച്ഛനാരാണെന്ന് അമ്മ പറഞ്ഞുതന്ന തെളിവ് മാത്രമേ തന്റെ കൈയിലുള്ളൂവെന്ന് മുരളി പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് തന്റെ പിതാവ് ജയനാണെന്ന് തെളിയിക്കാനായി മുരളി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ആ കേസ് തള്ളുകയായിരുന്നു. സോഷ്യൽ മീഡിയ ശക്തമായതോടെ ഈ ആരോപണങ്ങൾ വീണ്ടും ചർച്ചയായി.

ഇതിനെതിരെ ജയന്റെ സഹോദരൻ സോമൻ നായരുടെ മക്കളായ ആദിത്യൻ ജയനും ലക്ഷ്മിയും പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ലക്ഷ്മി മുഖ്യമന്ത്രി ഉൾപ്പെടെയുളളവർക്ക് പരാതിയും നൽകിയിരുന്നു. കുടുംബത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. ചിലർ മുരളിക്കെതിരെ വലിയ രീതിയിൽ ഭീഷണി മുഴക്കുന്നുണ്ട്. മ​റ്റുചിലർ അദ്ദേഹത്തിന് പിന്തുണയുമായി എത്തുന്നുണ്ട്.

മമ്മൂട്ടിയുടെ മേക്കപ്പ്മാൻ ജോർജിന്റെ പിതാവും മുതിർന്ന മേക്കപ്പ്‌മാനുമായ എം ഒ ദേവസ്യ സിനിമാവാരികയിൽ ഒരു കുറിപ്പെഴുതിയിട്ടുണ്ട്. തനിക്ക് രഹസ്യബന്ധത്തിൽ ഒരു മകനുണ്ടെന്ന് ജയൻ പറഞ്ഞിരുന്നതായി ദേവസ്യ വാരികയിൽ എഴുതിയത്. ഇതെല്ലാം സംശയദൃഷ്ടിയോടെയാണ് എല്ലാവരും കാണുന്നത്. ഡിഎൻഎ പരിശോധന നടത്താമെന്നും മുരളി ജയൻ ആദിത്യനെ വെല്ലുവിളിച്ചിരുന്നു. അതിന് കുടുംബം ഇതുവരെ തയ്യാറായിട്ടില്ല'- ആലപ്പി അഷ്‌റഫ് പറഞ്ഞു.