ഓവനൊന്നും വേണ്ട; വെെറലായ ബട്ടർ ക്രീം ബൺ മിനിട്ടുകൾക്കുള്ളിൽ വീട്ടിൽ തയ്യാറാക്കാം

Thursday 20 November 2025 12:56 PM IST

അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ഏറെ ഹിറ്റായ ഒരു പലഹാരമാണ് ബട്ടർ ക്രീം ബൺ. വളരെ സോഫ്റ്റ് ബണ്ണിനുള്ളിൽ തണുത്തതും രുചികരവുമായ ക്രീം നിറച്ചാണ് ഇത് തയ്യാറാക്കുന്നത്. പലരും ഇത് വാങ്ങാൻ കടകൾ കയറിയിറങ്ങുകയാണ്. എന്നാൽ ഇവ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. അത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

  1. പാൽ
  2. യീസ്റ്റ്
  3. പ‌ഞ്ചസാര
  4. മെെദ
  5. വെണ്ണ
  6. എണ്ണ

തയ്യാറാക്കുന്ന വിധം

ആദ്യം ചെറുചൂടുള്ള അരകപ്പ് പാലിലേക്ക് അരസ്പൂൺ ഡ്രൈ യീസ്റ്റിട്ട് 10 മിനിട്ട് അടച്ചുവയ്ക്കുക. ഇനി ഒരു പാത്രത്തിൽ മൂന്ന് കപ്പ് മെെദ, അരസ്പൂൺ ഉപ്പ്, മൂന്ന് സ്പൂൺ പഞ്ചസാര, പിന്നെ നേരത്തെ പാലിലിട്ട് വച്ച യീസ്റ്റ് മിശ്രിതം, ചെറുചൂടുള്ള പാൽ എന്നിവ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. ഇതിലേക്ക് ഉപ്പ് ചേർക്കാത്ത വെണ്ണയും (അരസ്പൂൺ) കൂടി ചേർക്കാം. വീണ്ടും നല്ലപോലെ കുഴച്ച് വെണ്ണ കൂടി ചേർത്ത് അടച്ചുവയ്ക്കുക.

ഒരു മണിക്കൂറിന് ശേഷം ഇവ കത്തികൊണ്ട് മുറിച്ച് ചെറിയ കഷ്ണങ്ങളാക്കി എടുക്കുക (ബണിന്റെ ആകൃതി). ശേഷം അരമണിക്കൂർ ഇവ അടച്ചുവയ്ക്കാം.ഇനി എണ്ണയിലിട്ട് ഇവ ഡീപ്പ് ഫ്രെെ ചെയ്യുക. കുറഞ്ഞ തീയിൽ വേണം ഇവ വേവിക്കാൻ. ഒരു ചെറിയ ബൗളിൽ കുറച്ച് പാൽ, വെണ്ണ, പഞ്ചസാര എന്നിവയെടുത്ത് നല്ലപോലെ യോജിപ്പിക്കുക. ഇത് വേവിച്ച ബൗണിനെ രണ്ടായി മുറിച്ച് ഉള്ളിൽ വച്ച് കഴിക്കാം.