രാജ്യത്തിന്റ എല്ലാ ആവശ്യങ്ങളും അംഗീകരിക്കും, എസ്‌യു 57 യുദ്ധവിമാനം ഇന്ത്യയ്ക്ക് നൽകുമെന്ന് റഷ്യ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമശക്തിക്ക് കൂടുതൽ കരുത്ത് പകരാൻ തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് ഉറപ്പുനൽകി റഷ്യ. അഞ്ചാം തലമുറ എസ്‌യു 57 സ്റ്റെൽത്ത് യുദ്ധവിമാനത്തിന്റ കാര്യത്തിൽ ഇന്ത്യയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്നാണ് റഷ്യ അറിയിച്ചത്. റഷ്യൻ സർക്കാരിന്റെ പ്രതിരോധ കൂട്ടായ്മയായ റോസ്റ്റെക്കിന്റെ സിഇഒ സെർജി ചെമസോവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'റഷ്യയിൽ നിർമിക്കുന്ന എസ്‌യു 57 യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ വിതരണം ചെയ്യുകയും ഘട്ടം ഘട്ടമായി അതിന്റെ ഉൽപാദനം ഇന്ത്യയിലേക്ക് മാറ്റുകയും ചെയ്യും. ഇന്ത്യയുമായി തങ്ങൾക്ക് ശക്തമായ ബന്ധമാണുള്ളത്. അവർക്ക് ആവശ്യമുള്ളതെന്തും നൽകി പിന്തുണയ്ക്കാൻ തങ്ങളുണ്ട്' - സെർജി ചെമസോവ് പറഞ്ഞു. റഷ്യയുടെ സിംഗിൾ എഞ്ചിൻ സ്റ്റെൽത്ത് യുദ്ധവിമാനമായ എസ്‌യു 75 ചെക്ക്മേറ്റും ഇന്ത്യയ്ക്ക് ലഭ്യമാകുമെന്നും റിപ്പോർട്ടുകളുണ്ട്. യുദ്ധവിമാനങ്ങളുടെ എഞ്ചിൻ, സെൻസറുകൾ, സ്റ്റെൽത്ത് മെറ്റീരിയലുകൾ, റഡാർ ക്രോസ് സെക്ഷൻ കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ, യുദ്ധവിമാനത്തിൽ ഘടിപ്പിക്കാവുന്ന ആയുധങ്ങൾ എന്നിവയുടെ സാങ്കേതിക വിദ്യകളാണ് ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യ അറിയിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തിന്റെ വ്യോമശക്തിക്ക് പുതിയതലം കൈവരിക്കാൻ സാധിക്കും.
'എസ്.യു 57 സംബന്ധിച്ച ഇന്ത്യയുടെ ഏത് ആവശ്യങ്ങളും പൂർണ്ണമായും സ്വീകാര്യമാണ് . ഇതുവരെ ഇന്ത്യയുടെ ആവശ്യങ്ങളെ പോസിറ്റീവായ രീതിയിലാണ് കണ്ടിട്ടുള്ളത്' റോസ്റ്റെക്കിന്റെ ഭാഗമായ യുണൈറ്റഡ് എയർ ക്രാഫ്റ്റ് കോർപ്പറേഷന്റെ ഡയറക്ടർ ജനറൽ വദിം ബഡേഖയും വ്യക്തമാക്കി. യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനാണ് എസ്യു 57 വികസിപ്പിച്ചത്. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് റഷ്യയുടെ നിർണായക പ്രതികരണം.