ആറ് മണിക്കൂറായി വിമാനത്താവളത്തിൽ കുടുങ്ങി എയർ അറേബ്യ വിമാനം, ഭക്ഷണവും വെള്ളവുമില്ലാതെ യാത്രക്കാർ

Thursday 20 November 2025 4:50 PM IST

കോഴിക്കോട്: എയർ അറേബ്യ വിമാനം ഫുജൈറ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻ‌ഡ് ചെയ്തു. കോഴിക്കോട് നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് ആറ് മണിക്കൂറോളമായി വിമാനത്താവളത്തിൽ കുടുങ്ങികിടക്കുന്നത്.

സ്‌ത്രീകളും കുട്ടികളുമടക്കം 151 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ആ‌ർക്കും ഇതുവരെ ഭക്ഷണമോ വെള്ളമോ ലഭ്യമായിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു. ജോലിക്കാരുടെ ഷിഫ്റ്റ് സംബന്ധിച്ച പ്രശ്നങ്ങളാണ് യാത്ര വൈകാൻ കാരണമെന്നാണ് വിമാനത്തിലെ ജീവനക്കാർ അറിയിക്കുന്നത്. എന്നാൽ കൃത്യമായ കാരണം എന്താണെന്ന് കമ്പനി അധികൃതർ ഇതുവരെ അറിയിച്ചിട്ടില്ല. യാത്ര എപ്പോൾ പുനരാരംഭിക്കുമെന്നുളള അറിയിപ്പും ഇതുവരെ ലഭ്യമായിട്ടില്ല. ഷാർജയിലുണ്ടായ മൂടൽമഞ്ഞാകാം വിമാനം അടിയന്തരമായി ഇറക്കാനുള്ള കാരണമെന്നാണ് സൂചന.