തർക്കം പറഞ്ഞുതീർക്കുന്നതിനിടെ സുവിശേഷക വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം; അഞ്ച് പ്രതികളും കോടതിയിൽ കീഴടങ്ങി

Thursday 20 November 2025 5:01 PM IST

തിരുവനന്തപുരം: കുട്ടികളുടെ തർക്കം പറഞ്ഞുതീർക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ സുവിശേഷക വിദ്യാർത്ഥിയായ അലനെ (19) കുത്തിക്കൊന്ന സംഭവത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. കേസിലെ അഞ്ച് പ്രതികളാണ് കോടതിയിൽ കീഴടങ്ങിയത്. പ്രായപൂർത്തിയാകാത്തവരാണ് പ്രതികളെന്നാണ് സൂചന. കേസിലെ ആറും ഏഴും പ്രതികളായ സന്ദീപ്, അഖിലേഷ് എന്നിവരെ കന്റോൺമെന്റ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സന്ദീപ് കാപ്പ കേസിൽ ഉൾപ്പെടെ പ്രതിയാണ്. അഖിലേഷും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

വിദ്യാർത്ഥികളുടെ തർക്കം യുവാക്കൾ ഇടപെട്ട് സ്‌കൂളിന് പുറത്ത് പറഞ്ഞുതീർക്കുന്നതിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് യുവാവ് കുത്തേറ്റുമരിച്ചത്. രാജാജി നഗറിന് സമീപം അരിസ്റ്റോ ജംഗ്‌ഷൻ തോപ്പിൽ ഡി 47 വീട്ടിൽ അലനാണ് മരിച്ചത്. 17ന് വൈകിട്ട് ആറുമണിയോടെ തൈക്കാട് ശാസ്താക്ഷേത്രത്തിന് സമീപം നടുറോഡിലാണ് കൊലപാതകം നടന്നത്.

തൈക്കാട് മോഡൽ സ്‌കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ സ്‌കൂൾ ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടിയിരുന്നു. രാജാജി നഗറിലെയും ജഗതി കോളനിയിലെയും കുട്ടികൾ തമ്മിലായിരുന്നു സംഘർഷം. ഇക്കാര്യം പറഞ്ഞുതീർക്കാൻ ഇരു വിഭാഗങ്ങളിലെയും യുവാക്കൾ ആലോചിക്കുകയും തൈക്കാട് ശാസ്താ ക്ഷേത്രത്തിനു സമീപത്തു വച്ച് ഒത്തുതീർപ്പ് ചർച്ച തീരുമാനിക്കുകയും ചെയ്തു. അതനുസരിച്ചാണ് രാജാജിനഗറിലെ സംഘത്തിനൊപ്പം അലൻ എത്തിയത്. സംസാരിക്കുന്നതിനിടെ രൂക്ഷമായ തർക്കമുണ്ടായി. ഉന്തിനും തള്ളിനുമിടെ അലന്റെ നെഞ്ചിൽ കുത്തേറ്റു.

പിന്നാലെ കുത്തിയയാൾ കടന്നുകളഞ്ഞു. സുഹൃത്തുക്കൾ രണ്ടുപേർ ചേർന്ന് അലനെ ബൈക്കിലിരുത്തി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്; മഞ്ജുള, സഹോദരി: പരേതയായ ആൻഡ്രിയ.