ഇനി തുറന്ന ചർച്ച; 'ടോപിക് ചാറ്റ്' എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് സ്‌നാപ് ചാറ്റ്

Thursday 20 November 2025 5:09 PM IST

പൊതുജനങ്ങൾക്കായി 'ടോപിക് ചാറ്റ്സ്' എന്ന പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ച് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ സ്നാപ്ചാറ്റ്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ചർച്ചകൾ നടത്താൻ സഹായിക്കുന്നതാണ് സംവിധാനമെന്ന് കമ്പനി പറയുന്നു. ടോപിക്ചാറ്റുകൾ വളരെ ലളിതമാണെന്നും ഉപയോക്താക്കൾ അന്വേഷിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട സ്‌നാപുകൾ ഈ ഫീച്ചർ ഒന്നിച്ച് നൽകുമെന്നും കമ്പനി അവരുടെ ബ്ലോഗിലൂടെ വിശദീകരിച്ചു. വിഷയവുമായി ബന്ധപ്പെട്ട പൊതുചർച്ചകളിൽ പങ്കെടുക്കാനും ആപ്ളിക്കേഷൻ അനുവദിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു.

പുതിയ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ പ്രദേശത്ത് നടക്കുന്ന പ്രധാന വിഷയമെന്തെന്ന് മനസിലാക്കാൻ കഴിയും. അതേ കുറിച്ചുള്ള സ്‌നാപ്പുകൾ ഒന്നിച്ച് ലഭിക്കുന്നതുകൊണ്ടുതന്നെ അതിൽ ആളുകളുടെ പ്രതികരണമെന്തെന്ന് എളുപ്പത്തിൽ അറിയാനും കഴിയും. സ്റ്റോറികൾ, സ്‌പോട്‌ലൈ‌റ്റ്‌‌ വീഡിയോകൾ എന്നിവയിൽ 'ജോയിൻ ദി ചാറ്റ്' എന്ന മഞ്ഞ ബട്ടൺ കാണാൻ കഴിയും. അതുപയോഗിച്ച് തത്സമയ ചർച്ചകളിലേക്ക് ഉടൻ പ്രവേശിക്കാൻ കഴിയും.

വരും ആഴ്ചകളിൽ കാനഡ, ന്യൂസിലാൻഡ്, അമേരിക്ക എന്നീ രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് വിവിധയിടങ്ങളിൽ ടോപിക് ചാറ്റ് സേവനം ലഭ്യമാകും. ചാറ്റ് ഷോർട്ട്കട്സ്, സെർച്ച്, സ്‌റ്റോ‌റി പേജ്, സ്‌പോട്‌ലൈ‌റ്റ്‌‌ വീഡിയോ തുടങ്ങി വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന 'ടോപിക് ചാറ്റ്' ഫീച്ചറിലൂടെ നിങ്ങളുടെ സുഹൃത്തുക്കൾ തത്സമയ ചർച്ചകളിൽ ഉണ്ടോയെന്ന് മനസിലാക്കാൻ കഴിയും. സുഹൃത്തുക്കൾ അല്ലാത്തവരിൽ നിന്നുള്ള അനാവശ്യമായ ഫ്രണ്ട് റിക്വസ്റ്റുകളും സന്ദേശങ്ങളും തടയുമെന്ന് കമ്പനി വ്യക്തമാക്കി. സുരക്ഷിതവും അനുയോജ്യവുമായി ആശയവിനിമയം നടത്തുന്നതിനുള്ള അന്തരീക്ഷം ഉറപ്പാക്കാൻ 'ടോപിക് ചാറ്റുകൾ' നിരീക്ഷിക്കുമെന്നും കമ്പനി വ്യക്തമാക്കി.