ശബരിമലയെ രക്ഷിക്കണം
എത്ര തല്ലിയാലും നേരാകാത്തവരെപ്പോലെയാണ് ദേവസ്വം ബോർഡ്. സ്വർണക്കൊള്ളയിൽ ജനരോഷത്തിന്റെ ചൂടറിഞ്ഞ് നിൽക്കുന്ന ബോർഡ് ഈ വർഷത്തെ ശബരിമല തീർത്ഥാടനമെങ്കിലും നേരെചൊവ്വെ നടത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, എല്ലാം തകിടം മറിച്ചുകൊണ്ട് ബോർഡ് അതിന്റെ തനിസ്വഭാവം തുറന്നു കാട്ടി. ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തിലെ തിരക്കു നിയന്ത്രണം തുടക്കം മുതലേ പാളി. പ്രതീക്ഷിച്ച എണ്ണത്തിലുമേറെ ഭക്തർ എത്തിയ ശബരിമലയിൽ തിരക്കു നിയന്ത്രണത്തിന് മുന്നൊരുക്കങ്ങളൊന്നും നടത്തിയില്ല. ബോർഡിനൊപ്പം പൊലീസിനും ഇത്തവണ നല്ല പഴി കേൾക്കേണ്ടി വന്നു. ബോർഡും പൊലീസും തമ്മിൽ ഏകോപനമില്ലായ്മയുടെ ഒരു തെളിവ് കൂടിയാണ് കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് നിയന്ത്രണം പാളിയ സംഭവം ചൂണ്ടിക്കാട്ടുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് പമ്പ വരെ എത്തിയ ഭക്തർക്ക് മല കയറാനാകാതെ തിരിച്ചു വന്ന് പന്തളത്ത് ഇരുമുടിക്കെട്ട് സമർപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ട ഗതികേട് വരുത്തിവച്ചത് ദേവസ്വം ബോർഡും പൊലീസും ചേർന്നാണ്. മലയാളികളായ ഭക്തർക്കും ഇത്തവണ മല കയറാനാകാതെ മാല ഊരേണ്ടി വന്നു. ശബരിമല മുന്നൊരുക്കത്തിൽ ദേവസ്വം ബോർഡിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതി രൂക്ഷ വിമർശനം നടത്തുകയും ചെയ്തു. വീഴ്ച സംഭവിച്ചതിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് മാപ്പ് ചോദിച്ചിരിക്കുകയാണ്.
ശബരിമല തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന്റെ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണ്. പൊലീസ് സഹായത്തോടെയാണ് തിരക്ക് നിയന്ത്രിക്കേണ്ടത്. ഒരു ദിവസം ഓൺലൈനായി തൊണ്ണൂറായിരം ഭക്തർക്കും സ്പോട്ട് ബുക്കിംഗായി ഇരുപതിനായിരം പേർക്കും ദർശനം എന്നാണ് ദേവസ്വം ബോർഡ് മുന്നോട്ടു വച്ച കണക്ക്. ഇതിനോട് പൊലീസിന് യോജിപ്പുണ്ടായിരുന്നില്ല. അറുപതിനായിരം ഓൺലൈൻ ബുക്കിംഗും ഇരുപതിനായിരം സ്പോട്ട് ബുക്കിംഗും എന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നതായാണ് അറിയുന്നത്. മണ്ഡല കാലത്തിന് നട തുറന്നതോടെ തിരക്ക് നിയന്ത്രണം ആകെ കൈവിട്ടു. ദർശനത്തിന് പന്ത്രണ്ട് മണിക്കൂർ വരെയാണ് ഭക്തർ ക്യൂ നിന്നത്. കുട്ടികളടക്കം ക്യൂവിൽ നിന്നവർ തളർന്നു വീഴുന്ന ദുരിതക്കാഴ്ചകൾ പുറത്തുവന്നു. മല കയറി മരക്കൂട്ടം വരെ എത്തിയ ഭക്തർക്ക് മണിക്കൂറുകൾ ക്യൂ നിന്നതിനെ തുടർന്ന് തിരിച്ചിറങ്ങേണ്ടി വന്നത് അസാധാരണമായ അനുഭവമാണ്. ക്യൂവിൽ നിന്നവർ കുടിവെള്ളം കിട്ടാതെ വലഞ്ഞ് തളർന്നത് മറ്റൊരു പൊള്ളുന്ന ദൃശ്യമായി. തിങ്ങി ഞെരുങ്ങിയ ഭക്തർ ബാരിക്കേഡ് ചാടിക്കടന്ന് സന്നിധാനത്തേക്ക് നീങ്ങിയപ്പോൾ അവിടെയും അഭൂതപൂർവമായ തിരക്കായി. പതിനെട്ടാം പടിയിലേക്ക് ഭക്തർ ഇടിച്ചുകയറുന്ന സ്ഥിതിയായി. നാൽപ്പത്തി മൂന്ന് മണിക്കൂറിനുള്ളിൽ രണ്ട് ലക്ഷത്തിലേറെ തീർത്ഥാടകർ ശബരിമലയിൽ എത്തിയെന്നാണ് കണക്ക്.
മൊത്തത്തിൽ ഭയാനകമായ സ്ഥിതി വിശേഷമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന് പറയേണ്ടി വന്നു. എ.ഡി.ജി.പി ശ്രീജിത്ത് സന്നിധാനത്ത് ഉണ്ടായിരുന്നപ്പോൾ തന്നെയാണ് തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് കഴിയാതെ പോയത്.
സ്പോട്ട് ബുക്കിംഗിന്റെ എണ്ണം കുറച്ച് തീർത്ഥാടക തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ദർശനം നടത്താനാകാതെ മലയിറങ്ങിയ ഭക്തരെ കണ്ടെത്തി തിരിച്ച് സന്നിധാനത്ത് എത്തിച്ച് ദർശനം നടത്തിച്ച പൊലീസ് നടപടി ഇതിനകം അഭിനന്ദനം നേടിയിട്ടുണ്ട്.
@ വീണ്ടും രാഷ്ട്രീയ ആയുധം
തിരക്കു നിയന്ത്രണത്തിലെ പാളിച്ച വലിയ വിമർശനത്തിന് ഇടയാക്കിയത് തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിക്കാൻ യു.ഡി.എഫിനും ബി.ജെ.പിക്കും പുതിയ ആയുധമായി. ശബരിമല മുന്നൊരുക്കങ്ങൾ നടന്നിട്ടില്ലെന്ന ഹൈക്കോടതി വിമർശനത്തെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉയർത്തിക്കാട്ടിയാണ് സർക്കാർ പ്രതിരോധിക്കുന്നത്. പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിക്കാൻ കഴിഞ്ഞിട്ടില്ലെന്ന സർക്കാർ വാദം നിലനിൽക്കുന്നതല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ശബരിമല മുന്നോരുക്കങ്ങൾ മാസങ്ങൾക്ക് മുൻപേ തുടങ്ങേണ്ടതാണ്. മുൻ വർഷങ്ങളിൽ ഉണ്ടായിട്ടുള്ളതുപോലെ യോഗങ്ങൾ ഇത്തവണ ഉണ്ടായില്ലെന്നത് നേരാണ്. രാഷ്ട്രപതി ദർശനത്തിന് വന്നതോടെ ശബരിമലയിലെ കുറച്ച് കാര്യങ്ങളിൽ നേരത്തേ ഒരുക്കം നടത്തിയിരുന്നു. റോഡ് നന്നാക്കലും വി.വി. ഐ.പികൾക്ക് താമസ സൗകര്യം ഒരുക്കലുമായിരുന്നു ഇതിൽ പ്രധാനം. ഭക്തർക്കുള്ള താമസ സൗകര്യം, കുടിവെള്ള വിതരണം, ഭക്ഷണ സൗകര്യം എന്നിവയിൽ അലംഭാവം ഉണ്ടായി. തിരക്ക് പ്രതീക്ഷിച്ചതിനേക്കാളും വലിയ തോതിലായതിനാലാണ് ഈ വക കാര്യങ്ങളിൽ വീഴ്ച സംഭവിച്ചതെന്ന വിശദീകരണം ഭക്തർക്ക് സ്വീകാര്യമാകില്ല.
@ കേന്ദ്രത്തെ ഏൽപ്പിക്കണം
ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം കേട്ടിട്ടും ശബരിമലയിലെ കാര്യങ്ങൾ നന്നാക്കാൻ കഴിയുന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കുന്നതാകും ഉചിതം. ഒന്നുകിൽ കേന്ദ്ര സർക്കാർ ശബരിമലയുടെ ഭരണം നേരിട്ട് ഏറ്റെടുക്കണം. അല്ലെങ്കിൽ ഗവർണർ നിശ്ചയിക്കുന്ന ഭരണ സംവിധാനം വേണം. ശബരിമലയിലെ ആദ്യ പബ്ളിക് റിലേഷൻസ് ഒാഫീസറായിരുന്ന അയർക്കുന്നം രാമൻ നായർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശബരിമലയിൽ ഇന്നുണ്ടായ പ്രശസ്തിക്കും ഭക്തരുടെ എണ്ണം വർദ്ധിച്ചതിനും അദ്ദേഹത്തിന്റെ ഇടപെൽ നിർണായകമായിരുന്നു. മാദ്ധ്യമങ്ങളെയും ഭക്തരെയും ശബരിമലയിൽ നിന്ന് അകറ്റുന്നത് തീർത്ഥാടനത്തെ തകർക്കുന്നതിന് തുല്ല്യമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
ശബരിമലയിലെ ഭരണ പാളിച്ചകൾ മുൻ വർഷങ്ങളിലും ആക്ഷേപത്തിന് ഇട നൽകിയിട്ടുണ്ട്. തിരുത്തലുകൾ വരുത്താതെ ഭക്തരെ നിരന്തണം കഷ്ടപ്പെടുത്തുന്ന സമീപനമാണ് വിവിധ കാലങ്ങളിലെ സംസ്ഥാന സർക്കാരുകൾ ചെയ്തിട്ടുള്ളത്.
തീർത്ഥാടനത്തിന്റെ സുഗമമായ മുന്നോട്ടു പോക്കിന് കാര്യക്ഷമമായ ഭരണ സംവിധാനം ശബരിമലയിൽ ആവശ്യമാണ്. സർക്കാരും ദേവസ്വം ബോർഡും പരാജയപ്പെടുന്ന സ്ഥിതിക്ക് കേന്ദ്ര സർക്കാർ മേൽനോട്ടത്തിൽ പുതിയ സംവിധാനത്തേക്ക് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിൽ രാഷ്ട്രീയം നോക്കേണ്ടതില്ല. വലിയ ദുരന്തങ്ങളും സ്വർണക്കൊള്ള പോലുള്ള മോഷണങ്ങളും തടയാൻ പുതിയ മാർഗങ്ങളെപ്പറ്റി അടിയന്തരമായി ആലോചിക്കേണ്ടതുണ്ട്.