ക്രൂരത സ്വന്തം കുട്ടികളോട്: മനസു വേണം മനുഷ്യത്വവും...

Friday 21 November 2025 12:03 AM IST

#മനുഷ്യാവകാശവും കുട്ടികളുടെ അവകാശങ്ങളും സംബന്ധിച്ച് ഏറെ അവബോധമുള്ള കാലഘട്ടമാണിതെന്നാണ് നമ്മുടെയെല്ലാം ധാരണ. ഇതു സംബന്ധിച്ച നിയമനിർമ്മാണങ്ങളിലും നിർവഹണത്തിലും ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. വിവിധ കമ്മിഷനുകളും ക്ഷേമസമിതികളും ഇതെല്ലാം പരിശോധിക്കാൻ സർക്കാർ മേഖലയിൽ തന്നെയുണ്ട്. കോടതികളും പൊലീസും മാദ്ധ്യമങ്ങളും സമൂഹ മാദ്ധ്യമങ്ങളുമെല്ലാം സദാ ജാഗരൂകരാണ്. മിക്കവാറും തെരുവുകളിലും പൊതുഇടങ്ങളിലുമെല്ലാം നിരീക്ഷണ ക്യാമറകളുമുണ്ട്. എന്നാൽ ക്രൂരതകൾ സ്വന്തം വീടുകളിൽ തന്നെയാണെങ്കിൽ എന്തു ചെയ്യാനാകും? കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം ജില്ലയിലുണ്ടായ ഇത്തരം ചില സംഭവങ്ങൾ സമൂഹമനസാക്ഷിക്കു നൊമ്പരമായി.#

വീട് ആലയമാണ്. ഏവരുടേയും സുരക്ഷിത ഇടം. ആ ചുമരുകൾക്കുള്ളിൽ ഈ ആധുനിക കാലത്തും ഉരുകുന്ന ബാല്യങ്ങളുണ്ട്. അതിന് ഉദാഹരണമാണ് എറണാകുളം ജില്ലയിൽ ഈ മാസം നടന്ന ചില സംഭവങ്ങൾ. ക്രൂരതകൾ പുറംലോകം അറിയുമ്പോഴേയ്ക്കും ഇരകൾ ഏറെ അനുഭവിച്ചു കഴിഞ്ഞിരിക്കും. കൊച്ചി എളമക്കരയിൽ അമ്മയും കാമുകനും ഒരേ കിടയ്ക്കയിൽ കിടക്കുന്നതിനെ എതിർത്തതിനും മാറിക്കിടക്കാൻ വിസമ്മതിച്ചതിനുമാണ് 12കാരനെ ഇരുവരും ചേർന്ന് ഉപദ്രവിച്ചത്. കൂത്താട്ടുകുളം കാക്കൂരിൽ ഭർത്താവും ഭർതൃമാതാവും വീട്ടിൽ നിന്ന് ഇറക്കിവിട്ട അമ്മയും മകനും രണ്ട് മാസത്തിലേറെ കഴിഞ്ഞത് റബ്ബർ തോട്ടത്തിലെ വിറകുപുരയിലാണ്. മരടിൽ 4 വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മ അറസ്റ്റിലായത് ഇക്കഴിഞ്ഞ ദിവസമാണ്. മനസും മനുഷ്യത്വവും ഇവിടെ മരവിക്കുകയായിരുന്നു.

കണ്ണിലെ കരട്

എളമക്കരയിലെ സംഭവത്തിൽ കുട്ടിയുടെ പരാതിയിൽ അമ്മയും ആൺസുഹൃത്തും അറസ്റ്റിലായിരുന്നു. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥയും യുട്യൂബ് ചാനൽ അവതാരകയുമാണ് അമ്മ. ആൺസുഹൃത്ത് യുട്യൂബ് ചാനലിലെ സഹപ്രവർത്തകനാണ്. നിയമവ്യവസ്ഥകൾ അറിയാത്തവരല്ലെന്നു സാരം. വേർപിരിഞ്ഞു താമസിക്കുന്ന മാതാപിതാക്കൾക്കൊപ്പം മാറിമാറിയാണ് കുട്ടി താമസിക്കാറുളളത്. അടുത്ത കാലത്തായി അമ്മയുടെ കാമുകൻ വീട്ടിലെത്താറുണ്ട്. ഇയാൾ വീട്ടിൽ വരുന്നത് ഇഷ്ടമല്ലാതിരുന്ന കുട്ടി പലതവണ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ആൺസുഹൃത്തും പിന്നാലെ അമ്മയും കുട്ടിയെ മർദ്ദിക്കുകയും ദേഹത്താകെ മാന്തിപ്പൊളിക്കുകയുമായിരുന്നു. കുഞ്ഞ് ഇപ്പോൾ പിതാവിന്റെ സംരക്ഷണത്തിലാണ്. കിടപ്പുമുറിയിൽ ഇവരുടെ നടുവിൽ കുട്ടി കയറിക്കിടന്നതാണ് പ്രകോപനം. യുവാവ് തന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് വാതിലിൽ ചേർത്തുനിർത്തി മർദ്ദിച്ചുവെന്നും ചവിട്ടി താഴെയിട്ടുമെന്നുമാണ് ബാലന്റെ പരാതി. തുടർന്ന് അമ്മ തന്റെ നെഞ്ചിൽ മാന്തി മുറിവേൽപ്പിച്ചെന്നും കുട്ടി പറയുന്നു. കുട്ടിയുടെ വയറിനു മുകളിലായി ആഴത്തിൽ നഖക്ഷതമേറ്റ പാടുകളുണ്ട്. ചികിത്സ നൽകിയശേഷം പൊലീസ് കുട്ടിയെ അച്ഛന്റെ സംരക്ഷണത്തിൽ വിട്ടിരിക്കുകയാണ്. കടുത്ത ശിക്ഷാനടപടികളാണ് അമ്മയേയും കാമുകനേയും കാത്തിരിക്കുന്നത്.

വനവാസം വിധിച്ച്

കാക്കൂരിൽ വീട്ടിൽ നിന്ന് ഇറക്കിവിട്ട അമ്മയും 11 വയസുകാരനായ മകനും ഷെഡ്ഡിൽ താമസിക്കുന്ന വിവരം പുറത്തറിഞ്ഞത് കുട്ടിയുടെ അദ്ധ്യാപകരുടെ ഇടപെടലിനെ തുടർന്നാണ്. പുരയിടത്തിന്റെ ഒരു ഭാഗത്ത്, ഭിത്തിയില്ലാതെ നാല് തൂണുകളിൽ നിൽക്കുന്ന വിറകുപുരയിലാണ് ഇവ‌ർ താമസിച്ചിരുന്നത്. വിവരമറിഞ്ഞ് പൊലീസും ശിശുക്ഷേമ സമിതിയും എത്തിയതോടെയാണ് ഇരുവരേയും വീട്ടിൽ കയറ്റിയത്. അമ്മ ജോലി കഴിഞ്ഞ് വരുന്നതുവരെ ട്യൂഷൻ ക്ലാസിലോ അയൽപ്പക്കത്തെ വീടുകളിലോ ആണ് കുട്ടി ഇരിക്കാറുള്ളത്. രാത്രി വിറകുപുരയിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ഭക്ഷണം കഴിക്കും.

കുട്ടിയുടെ ബാഗിൽ ജ്യൂസ് കുപ്പികൾ സ്ഥിരമായി കണ്ടതോടെ സംശയം തോന്നിയ അദ്ധ്യാപകൻ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഭക്ഷണം കഴിക്കാൻ അമ്മ രാവിലെ നൽകുന്ന പണം കൊണ്ട് കുട്ടി ജ്യൂസ് വാങ്ങി കുടിക്കും. ഉച്ച ഭക്ഷണം സ്‌കൂളിൽ നിന്നും കഴിക്കും. സംഭവം അറിഞ്ഞതോടെ അദ്ധ്യാപകർ കാക്കൂരിലെ വീട്ടിലെത്തി വിവരങ്ങൾ മനസിലാക്കി പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നൽകുകയായിരുന്നു. സമയോചിതമായി ഇടപെട്ട അദ്ധ്യാപകരെ വിദ്യാഭ്യാസമന്ത്രിയടക്കം അഭിനന്ദിക്കുകയും ചെയ്തു. ഭർത്താവിന് യുവതിയിലുള്ള സംശയമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഒപ്പം വിവേചനമനുഭവിച്ചത് കുരുന്നുബാല്യമാണ്.

കുഞ്ഞു മനസിലെ പൊള്ളൽ

മരടിൽ നാലു വയസ്സുകാരിയുടെ ദേഹത്ത് അമ്മ ചട്ടുകം പഴുപ്പിച്ചുവച്ച സംഭവവും വെളിപ്പെട്ടത് വിദ്യാലയത്തിൽവച്ചാണ്.

നഴ്സറി ക്ലാസിൽ കുട്ടി വിഷമിച്ചിരിക്കുന്നതു കണ്ട അദ്ധ്യാപകർ ചോദിച്ചപ്പോഴാണ് അമ്മയിൽ നിന്നുള്ള ഉപദ്രവം വിവരിച്ചത്. പരിശോധിച്ചപ്പോൾ കൈകാലുകളിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം പൊള്ളലേറ്റ പാടുകൾ കണ്ടു. ഇതോടെ പൊലീസിനെ വിവരമറിയിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത്. രണ്ടു ദിവസം സ്‌കൂളിൽ വിട്ടില്ല. പിന്നീട് ഓയിന്റ്മെന്റ് പുരട്ടി വിടുകയായിരുന്നു. കുട്ടി എപ്പോഴും ഭക്ഷണം ചോദിക്കുമെന്നും അനുസരണക്കേട് കാട്ടുമെന്നും വിലക്കിയിട്ടും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം പോയി ഇരുന്നുവെന്നുമാണ് അമ്മയുടെ മൊഴി. അങ്കണവാടി ഹെൽപ്പർ കൂടിയായ സ്ത്രീയാണ് കുട്ടിയെ ഉപദ്രവിച്ചത്. ഭക്ഷണം കൊടുക്കാത്തതിന് മുത്തച്ഛനും മുത്തശ്ശിയും കുട്ടിയുടെ അമ്മയെ വഴക്കു പറയുമായിരുന്നു. 8 വയസ്സുള്ള മൂത്ത കുട്ടിയേയും അമ്മ ഇടയ്ക്കിടെ ഉപദ്രവിച്ചിരുന്നു. കൂട്ടുകുടുംബമാണെങ്കിലും സ്വരച്ചേർച്ചയുണ്ടായിരുന്നില്ല. മുതിർന്നവരുടെ പരസ്പര വിദ്വേഷത്തിന് ബലിയാടായത് കുരുന്നു ബാല്യമാണ്. മരട് പൊലീസ് അറസ്റ്റ് ചെയ്ത അമ്മയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

ഇതെല്ലാം വൈകിയാണെങ്കിലും സമൂഹത്തിന് മുന്നിലെത്തിയ സംഭവങ്ങളാണ്. അറിയപ്പെടാത്ത ഒരുപിടി കുരുന്നുവിലാപങ്ങൾ വീടിന്റെ നാലു ചുവരുകളിൽതട്ടി നിശബ്ദമാകുന്നുണ്ടാകാം. പ്രകോപനങ്ങളിൽ സംയമനം പാലിക്കാനും തെറ്റുകൾ ക്ഷമിക്കാനും വിവേകം കാണിക്കുന്നതിൽ മുതിർന്നവരെങ്കിലും മാതൃകയാകുന്നതാണ് അഭികാമ്യം.