അന്ന് മോഹൻലാൽ അടുത്തെത്തി ക്ഷമ പറഞ്ഞു, ഷൂട്ടിംഗിനിടെ സംഭവിച്ചതിനെ കുറിച്ച് മീര വാസുദേവ്
ബ്ലെസി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം തൻമാത്രയിലൂടെ മലയാളത്തിൽ ശ്രദ്ധേയായ താരമാണ് മീരാ വാസുദേവ്. തന്റെ മൂന്നാമത്തെ വിവാഹ ബന്ധവും വേർപെടുത്തിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ മീര വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനെ പ്രശംസിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്മാത്രയിലെ പ്രശസ്തമായ ഇന്റിമേറ്റ് രംഗത്തിന് മുൻപ് മോഹൻലാൽ തനിക്ക് അടുത്തെത്ത് ക്ഷമ പറഞ്ഞിരുന്നുവെന്ന് റെഡ് കാർപ്പറ്റിന് നൽകിയ അഭിമുഖത്തിൽ മീരാ വാസുദേവ് പറഞ്ഞു. മോഹൻലാലിന്റെ പ്രൊഫഷണലിസത്തെയും സഹാനുഭൂതിയെയുമാണ് അത് വ്യക്തമാക്കുന്നതെന്നും അവർ വ്യക്തമാക്കി.
ആ രംഗം എന്നെക്കാളേറെ വെല്ലുവിളി സൃഷ്ടിച്ചത് അദ്ദേഹത്തിന് തന്നെയായിരുന്നു. പൂർണ നഗ്നനായാണ് ആ രംഗത്തിൽ അദ്ദേഹം അഭിനയിച്ചത്. ചിത്രീകരണത്തിന് മുൻപ് അദ്ദേഹം അടുത്തെത്തി, ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയുണ്ടായാൽ ക്ഷമിക്കണമെന്ന് അഭ്യർത്ഥിച്ചുവെന്ന് മീര പറയുന്നു.
ചിത്രീകരണത്തിനായി തീർത്തും സ്വകാര്യവും സുരക്ഷിതവുമായ സംവിധാനമാണ് ബ്ലസിയും സംഘവും ഒരുക്കിയതെന്ന് നടി വ്യക്തമാക്കി. മുൻനിര നായികമാർ പലരും ഇന്റിമേറ്റ് രംഗമുള്ളതിനാൽ തൻമാത്രയിൽ നിന്ന് പിൻമാറിയിരുന്നു. സിനിമയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ആ ലവ് മേക്കിംഗ് സീനിനെ കുറിച്ച് ബ്ലസി പറഞ്ഞു. ഈ രംഗം എന്തുകൊണ്ട് ചിത്രത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുന്നതെന്ന ചോദ്യത്തിന് അതിവ്റെ വൈകാരിക പരിസരങ്ങൾ അദ്ദേഹം വിശദീകരിച്ചു തന്നു. രമേശന്റെ പ്രയാസങ്ങൾ പങ്കാളിക്ക് അതേ തീവ്രതയോടെ മനസിലാകാൻ അത് അത്യാവശ്യമായിരുന്നെന്ന് തനിക്ക് മനസിലായെന്നും മീര പറയുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് താൻ മൂന്നാമതും വിവാഹബന്ധം വേർപ്പെടുത്തിയെന്ന് മീര വാസുദേവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെ അറിയിച്ചത്. ക്യാമറമാനായ വിപിൻ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് അവസാനിപ്പിച്ചിരിക്കുന്നത്. 'കുടുംബവിളക്ക്' എന്ന സീരിയലിന്റെ സെറ്റിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. 2025 ഓഗസ്റ്റ് മുതൽ താൻ സിംഗിൾ ആണെന്നും ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ മീര വാസുദേവ് കുറിച്ചു.
അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. കഴിഞ്ഞ വർഷമാണ് മീരയും വിപിനും വിവാഹിതരാകുന്നത്. മീരയുടേത് മൂന്നാം വിവാഹമായിരുന്നു വിപിനുമായുള്ളത്. നടൻ ജോൺ കൊക്കനുമായുള്ള രണ്ടാം വിവാഹത്തിൽ അരിഹ എന്നു പേരുള്ള മകനുണ്ട്. ആദ്യ രണ്ട് വിവാഹബന്ധവും വേർപിരിഞ്ഞ് സിംഗിൾ മദറായി ജീവിക്കുകയായിരുന്നു മീര വാസുദേവ്. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിൻ ചില ഡോക്യുമെന്ററികൾക്ക് പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്.