ഡെയ്ഞ്ചർസോണായി മാറുന്ന പാപനാശം
മിഴിയടച്ച് തെരുവ് വിളക്കുകൾ
വർക്കല: വിനോദ സഞ്ചാര മേഖലയായ വർക്കലയിലെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ അഭാവം,സഞ്ചാരികളെ പ്രതിസന്ധിയിലാക്കുന്നു. തെരുവ് വിളക്കന്റെ അഭാവത്തിൽ പാപനാശം ഡെയ്ഞ്ചർസോണായി മാറുകയാണ്. നാടിന്റെ അഭിമാനമായി തിളങ്ങിയ പാപനാശം ബീച്ച് ഇന്ന് അനാസ്ഥയുടെ ഇരുട്ടിലാണ്. സന്ധ്യയോടുകൂടി തീരം ഇരുട്ടിലാകും. ഇതോടെ സാമൂഹ്യവിരുദ്ധ ശല്യവും വർദ്ധിക്കുമെന്നാണ് നാട്ടുകാരുടെ പരാതി. പാപനാശം തീരത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. നന്നാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നാളിതുവരെ നടപടികളുണ്ടായിട്ടില്ല. മറുനാടൻ വിനോദസഞ്ചാരികളടക്കം നിരവധിപേർ കടൽത്തീരത്ത് ഫോട്ടോഗ്രഫിക്കും സൂര്യാസ്തമയം ആസ്വദിക്കാനും എത്തുന്നുണ്ടെങ്കിലും വെളിച്ചമില്ലാത്തതിനാൽ ഇവർ ആശങ്കയിലാണ്.
ലൈഫ് ഗാർഡുകൾക്ക് ഉപകരണങ്ങളില്ല
വർക്കല പാപനാശത്തുള്ള ലൈഫ് ഗാർഡുകൾക്ക് മതിയായ സൗകര്യങ്ങളും ഉപകരണങ്ങളുമില്ലെന്ന പരാതി വ്യാപകമാണ്. അടിയന്തര സാഹചര്യങ്ങളിൽ കരുതേണ്ട റെസ്ക്യൂ ബോർഡ് ശോചനീയാവസ്ഥയിലാണ്. പഴകിയ ലൈഫ് ബായകളും ഒരു പഴയ
റെസ്ക്യൂ ബോർഡും റോപ്പും കൊണ്ടാണ് അപകടത്തിൽപ്പെടുന്ന സഞ്ചാരികളെ ലൈഫ് ഗാർഡുകൾ രക്ഷിക്കുന്നത്.
നിലവിലുള്ള ലൈഫ് ഗാർഡുകൾ
പാപനാശം മെയിൻ ബീച്ചിൽ - 5
ഓടയം,മാന്തറ,വെറ്റക്കട,കാപ്പിൽ എന്നിവിടങ്ങളിൽ - 1 വീതം
കടൽത്തീരത്തേക്കുള്ള വഴികളിലും പാർക്കിംഗ് പ്രദേശങ്ങളിലും വെളിച്ചമില്ല
അനിഷ്ട സംഭവങ്ങൾക്കും മോഷണങ്ങൾക്കും സാദ്ധ്യത വർദ്ധിക്കുന്നു
പുലർച്ചെ ബലിതർപ്പണച്ചടങ്ങുകൾക്കായി പാപനാശം തീരത്തെത്തുന്നവരും ഇരുട്ടിൽ ബുദ്ധിമുട്ടുന്നു
ടൂറിസം പൊലീസ് എയ്ഡ് പോസ്റ്റും ഹൈമാസ്റ്റ് ലൈറ്റിന് സമീപത്തായാണ് പ്രവർത്തിക്കുന്നത്. വെളിച്ചമില്ലാത്തത് പൊലീസുകാരെയും വലയ്ക്കുന്നു
ബീച്ചിൽ മതിയായ വെളിച്ചം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.വാട്ടർ സ്കൂട്ടർ,ചെറിയ ബോട്ടുകൾ എന്നിവ ലൈഫ് ഗാർഡുകൾക്ക് ലഭ്യമാക്കണം.
സക്കീർ,ലൈഫ് ഗാർഡ്‌സ്
സൂപ്പർവൈസർ