റെട്രോ വേഷങ്ങളിൽ തിളങ്ങി ദുൽഖർ
കാന്ത എന്ന തമിഴ് ചിത്രത്തിനൊപ്പം ചർച്ചയാകുന്നു ദുൽഖർ സൽമാന്റെ റെട്രോ നായക വേഷങ്ങൾ . സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത "കാന്ത" പ്രേക്ഷക- നിരൂപക പ്രശംസ നേടി വിജയ കുതിപ്പ് തുടരുമ്പോഴാണ് ദുൽഖറിന്റെ പീരിഡ് ഡ്രാമകളിലെ നായക കഥാപാത്രങ്ങൾശ്രദ്ധ നേടുന്നു എന്ന ചർച്ച ഉയരുന്നത്. 2014 ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ എത്തിയ ഞാൻ എന്ന ചിത്രത്തിലാണ് ദുൽഖറിനെ ആദ്യമായി പീരിഡ് ഡ്രാമയിൽ നായകനായി കണ്ടത്. അതിലെ കെ .ടി. എൻ കോട്ടൂർ, രവി ചന്ദ്രശേഖർ എന്നീ വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളെ അതിമനോഹരമായി പകർന്നാടി. സ്വാതന്ത്ര്യ സമര സേനാനിയും കവിയും എഴുത്തുകാരനും വിപ്ലവകാരിയുമായിരുന്ന കെ. ടി. എൻ കോട്ടൂരിന് ദുൽഖർ നൽകിയ ശരീര ഭാഷ ഏറെ ശ്രദ്ധ നേടി. 2018 ൽ തെലുങ്ക് ചിത്രം 'മഹാനടി'യിൽ ജമിനി ഗണേശൻ ആയി ദുൽഖർ കാഴ്ച്ചവച്ചതും അമ്പരപ്പിക്കുന്ന പ്രകടനം. 2021 ൽ കുറുപ്പിൽ സുകുമാര കുറുപ്പ് ആയും, 2022 ലെ തെലുങ്ക് ചിത്രം 'സീതാരാമ'ത്തിലെ ലെഫ്റ്റനന്റ് റാം ആയും, കഴിഞ്ഞ വർഷം തെലുങ്ക് ചിത്രം 'ലക്കി ഭാസ്കറി'ലെ ബാങ്ക് മാനേജർ ഭാസ്കർ കുമാർ ആയും ദുൽഖർ നടത്തിയത് ഒരേ സമയം ജനപ്രിയവും നിരൂപക പ്രശംസയും നേടിയ പ്രകടനങ്ങൾ. ഇപ്പോൾ 'കാന്ത'യിൽ നടിപ്പിൻ ചക്രവർത്തി ടി.കെ . മഹാദേവൻ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനവുമായി ദുൽഖർ കയ്യടി നേടുന്നു.