ആര്യ വീണ്ടും മലയാളത്തിൽ നായിക അനുപമ പരമേശ്വരൻ
ആര്യ വീണ്ടും മലയാളത്തിൽ നായകനായി എത്തുന്നു. അനുപമ പരമേശ്വരൻ ആണ് നായിക . പ്രണയവിലാസത്തിനു ശേഷം നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ആര്യയും അനുപമ പരമേശ്വരനും ഒരുമിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. പ്രേക്ഷക പ്രശംസ നേടിയ പ്രണയവിലാസത്തിൽ അർജുൻ അശോകൻ, ഹക്കിം ഷാജഹാൻ, മമിത ബൈജു, അനശ്വര രാജൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിഖിൽ മുരളിയുടെ സംവിധാന അരങ്ങേറ്റം കൂടിയായിരുന്നു. തെന്നിന്ത്യയിൽ തിളങ്ങുന്ന അനുപമ പരമേശ്വരൻ ജെ.എസ്.കെയ്‌ക്കു ശേഷം മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത് . സുരേഷ്‌ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജെ.എസ്.കെയിൽ അനുപമയുടെ ജാനകി എന്ന നായികവേഷം ശ്രദ്ധപിടിച്ചുപറ്റി. അതേസമയം ആര്യ നായകനായി മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന അനന്തൻകാട് റിലീസിന് ഒരുങ്ങുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അജനീഷ് ലോകനാഥ് സംഗീതം ഒരുക്കുന്നു. ഇന്ദ്രൻസ്, മുരളി ഗോപി, ദേവ് മോഹൻ, അപ്പാനി ശരത്, വിജയരാഘവൻ, നിഖില വിമൽ, ശാന്തി ബാലചന്ദ്രൻ, റെജീന കാസാൻഡ്ര, സാഗർ സൂര്യ, കന്നട താരം അച്യുത് കുമാർ എന്നിവർ അണിനിരക്കുന്നു.
മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ്‌കുമാർ അവതരിപ്പിക്കുന്ന ചിത്രത്തിന് എസ്. യുവ ഛായാഗ്രഹണം നിർവഹിക്കുന്നു. പാരഞ്ജിത്ത് സംവിധാനം ചെയ്യുന്ന സർപട്ട പരമ്പരൈ 2 ആണ് തമിഴിൽ ആര്യയുടെ മറ്റൊരു പ്രോജക്ട്. 2021ൽ ഒ.ടി.ടി റിലീസായി എത്തിയ സർപട്ട പരമ്പരൈയുടെ തുടർച്ച ആണ് . ഷബീർ കല്ലറക്കൽ, ജോൺ കൊക്കൻ, ദുഷാര വിജയൻ, സഞ്ജന നടരാജൻ തുടങ്ങിയവരായിരുന്നു സ്‌പോർട്സ് ആക്‌ഷൻ ഡ്രാമ ചിത്രത്തിലെ മറ്റു താരങ്ങൾ.