കവിതയിൽ തിളങ്ങി മെസ്ന

Thursday 20 November 2025 9:17 PM IST

കണ്ണൂർ: ജില്ല സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം മലയാളം കവിതാരചനയിലും ഉപന്യാസ രചനയിലും ഒന്നാം സ്ഥാനം നേടി തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്ലസ് വൺ വിദ്യാർത്ഥിനി മെസ്ന . രൂപാന്തരം എന്ന വിഷയത്തിൽ മെസ്ന എഴുതിയ 'ചോരയിലേക്ക് ഒരു പ്ലാസ്റ്റിക് സർജറി' എന്ന കവിതയ്ക്കാണ് ഒന്നാം സ്ഥാനം.

സ്ത്രീകൾക്കു നേരെയുള്ള ചൂഷണങ്ങൾക്കെതിരെയാണ് മെസ്നയുടെ കവിത. ഉപന്യാസം രചനയിലും മെസ്ന ഒന്നാം സ്ഥാനം നേടി.ഡിജിറ്റൽ വായന ,അനുഭവവും ആനന്ദവും എന്ന വിഷയത്തിൽ 'ടച്ച് സ്ക്രീനിൽ അക്ഷരങ്ങൾക്ക് കൃത്രിമ ശ്വാസം കൊടുക്കുമ്പോൾ' എന്നതായിരുന്നു മെസ്ന എഴുതിയത്.കഴിഞ്ഞ രണ്ടു വർഷങ്ങളിലും സംസ്ഥാന തലത്തിൽ കവിതാരചനയിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

ഈ വർഷം പാലക്കാട് നടന്ന സംസ്ഥാന സാമൂഹ്യശാസ്ത്രമേളയിലും എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

പഠിക്കാനുണ്ട് മെസ്നയുടെ കവിത

മെസ്നയുടെ 'കാലം തെറ്റിയ മഴ' എന്ന കവിത സ്കൂൾ കുട്ടികൾക്ക് പഠിക്കാനായി സി.ബി.എസ്.ഇ ഏഴാം ക്ലാസ് മലയാളം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരവും മുല്ലനേഴി കാവ്യപ്രതിഭ പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. കുറുമാത്തൂരിലെ അദ്ധ്യാപകരായ കെ.വി. മെസ്മറിന്റെയും കെ.കെ.ബീനയുടെയും ഏക മകളാണ്.

ശിക്ഷ ലഭിക്കാത്ത ചില ആൾമാറാട്ടങ്ങൾ നടത്താനുള്ള മന്ത്രം അവൾ മറന്നുപോയപ്പോഴാണ് വാതിലുകളില്ലാത്ത മുറിയിൽ ജാലകങ്ങൾ ജനിച്ചത്.' (മെസ്നയുടെ ഒന്നാംസ്ഥാനം നേടിയ കവിതയിലെ ചില വരികൾ