ആശ്വാസമാകുന്ന ഓറഞ്ച് വിപണി

Friday 21 November 2025 12:21 AM IST

കിളിമാനൂർ: പൊരി വെയിലിൽ വോട്ട് ചോദിച്ചിറങ്ങുന്ന സ്ഥാനാർത്ഥികൾക്കും അനുഭാവികൾക്കും ശബരിമല തീർത്ഥാടകർക്കും ആശ്വാസമേകി വഴിയോരങ്ങളിൽ ഓറഞ്ച് വിപണി. ദാഹിച്ചെത്തുന്നവർക്ക് ഓറഞ്ച് വാങ്ങി തൊലി പൊളിച്ച് കഴിച്ചാലും ജ്യൂസ് ആയാലും ആശ്വാസം. 100 രൂപയ്ക്ക് ഒന്നര കിലോയും രണ്ട് കിലോയും ലഭ്യമാണ്. മഞ്ഞു മാസമായതോടെ ഓറഞ്ചിന്റെ സീസൺ ആരംഭിച്ചു. മദ്ധ്യപ്രദേശ്, ഹിമാചൽ, ഊട്ടി എന്നിവിടങ്ങളിൽ നിന്നാണ് ഓറഞ്ച് പ്രധാനമായും എത്തുന്നത്. ഇവിടെ മൂന്നാറിലും നെല്ലിയാമ്പതിയിലും ഓറഞ്ച് ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും രുചിയിൽ വ്യത്യാസമുണ്ട്.

കിലോയ്ക്ക് 20 മുതൽ 25 വരെ

ഉത്പാദന സ്ഥലങ്ങളിൽ സീസണായതോടെ കിലോയ്ക്ക് 20 മുതൽ 25 രൂപ വരെയാണ് വില. നേന്ത്രക്കായ ഉൾപ്പെടെ മറ്റു പഴവർഗങ്ങൾക്ക് നല്ല വിലയുള്ളപ്പോൾ ഓറഞ്ചിന് വില കുറഞ്ഞത് ആശ്വാസമാണ്. ഉത്സവ സീസൺ ആരംഭിച്ചതോടെ ഉത്സവപ്പറമ്പുകളിലും ഓറഞ്ചും ഓറഞ്ച് ജ്യൂസും സുലഭമായിട്ടുണ്ട്.

ഗുണമേറെ

ശബരിമല തീർത്ഥാടകർക്കും വഴിയരികിലെ ഓറഞ്ച് ആശ്വാസമേകുന്നു. സിട്രസ് ഗണത്തിൽപ്പെട്ട ഫലമാണ് ഓറഞ്ച്. വിറ്റാമിൻ സി കൊണ്ട് സമ്പന്നമായതിനാൽ ഇത് നിരവധി ആരോഗ്യ സൗന്ദര്യഗുണങ്ങൾ ഉറപ്പാക്കുന്നു. ഓറഞ്ച്,ജ്യൂസ്, ഓറഞ്ചിന്റെ തൊലി എന്നിവയെല്ലാം പല ഗുണങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.