റവന്യൂ ജില്ലാ കലോത്സവം 24 മുതൽ 28 വരെ

Friday 21 November 2025 1:23 AM IST

ആലപ്പുഴ: തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മൂന്നുതവണ മാറ്റിയ റവന്യൂ ജില്ല സ്കൂൾ കലോത്സവം 24 മുതൽ 28വരെ ആലപ്പുഴയിൽ നടക്കും. രജിസ്‌ട്രേഷൻ 22ന് ഉച്ചക്ക് രണ്ടിന് പ്രധാനവേദിയായ ലിയോതേർട്ടീന്ത് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.

24ന് ഉച്ചക്ക് രണ്ടിന് പ്രധാനവേദിയിൽ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം നിർവഹിക്കും. 347ഇനങ്ങളിലായി 8000 വിദ്യാർത്ഥികൾ മത്സരത്തിൽ മാറ്റുരക്കും. ഈ മാസം 17 മുതൽ 21വരെ നടത്താനായിരുന്നു ആദ്യതീരുമാനം. ഇതനുസരിച്ച് ലോഗോപ്രകാശനം ഉൾപ്പെടെയുള്ളവ പൂർത്തീയാക്കിയതിന് പിന്നാലെയാണ് തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടർക്ക് വരണാധികാരിയുടെ ചുമതല ലഭിച്ചതോടെയായിരുന്നു ആദ്യമാറ്റം. തിരഞ്ഞെടുപ്പ് പത്രികാസമർപ്പണം വെള്ളിയാഴ്ച അവസാനിക്കുന്നതോടെ ഡി.ഡി.ഇയുടെ തിരക്ക് കുറയുമെന്ന് കരുതി തീയതി വീണ്ടും പുതുക്കി. ഈമാസം 24മുതൽ 29വരെ നടത്താനാണ് തീരുമാനിച്ചത്. ഇതിനിടെയാണ് അദ്ധ്യാപകർക്കായി തിരഞ്ഞെടുപ്പ് പരിശീലക്ലാസ് എത്തിയത്. ഇതോടെ ഒരുദിവസം വെട്ടിച്ചുരുക്കിയാണ് കലോത്സവം നടത്തുന്നത്. ഈമാസം 25 മുതൽ 28വരെയാണ് തിരഞ്ഞെടുപ്പ് പരിശീലനക്ലാസ്. രാവിലെയും ഉച്ചക്കുമായി നടക്കുന്ന പരിശീലനക്ലാസിൽ 80ശതമാനം അദ്ധ്യാപകർക്കും പോകേണ്ടിവരും. വാർത്താസമ്മേളനത്തിൽ ഡി.ഡി.ഇ ഇ.എസ്. ശ്രീലത, ഇ.ആർ. ഉദയകുമാർ, അനസ് എം. അഷ്‌റഫ്, ഡി.ആർ. സജിത്ത്‌ലാൽ, ആർ. രാധാകൃഷ്ണപൈ, മീരാദാസ്, രാഹുൽ ഭാനു എന്നിവർ പങ്കെടുത്തു.

12 വേദികൾ ലീയോതേർട്ടീന്ത് ഹയർസെക്കൻഡറി സ്കൂൾ, ലീയോതേർട്ടീന്ത് എൽ.പി സ്കൂൾ, കർമസദൻ, മുഹമ്മദൻസ് ഗേൾസ് എച്ച്.എസ്.എസ്, മുഹമ്മദൻസ് എൽ.പി സ്‌കൂൾ, സെന്റ് ആന്റണീസ് ഹൈസ്‌കൂൾ, ടി.ഡി.എച്ച്.എസ്.എസ്, സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ, സെന്റ് ജോസഫ് എൽ.പി എന്നിവിടങ്ങളിലെ 12 വേദികളിലായിട്ടാണ് മത്സരം. സി.എം.എസ് എൽ.പി സ്‌കൂളിലാണ് ഭക്ഷണം ക്രമീകരിച്ചിട്ടുള്ളത്.